സ്‌കൂൾ തുറക്കൽ: മാർഗരേഖ നാളെ, സൗകര്യം ഉറപ്പായില്ലെങ്കിൽ പഠനം അടുത്ത സ്കൂളിൽ
തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ നാളെ പുറത്തിറക്കിയേക്കും. ഇതിനായി മന്ത്രി വി.ശിവൻകുട്ടി വിളിച്ചുചേർത്ത ആദ്യഘട്ട യോഗങ്ങൾ അവസാനിച്ചു. നിശ്ചിത ദിവസത്തിനുള്ളിൽ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാനാകാത്ത സ്‌കൂളുകളിലെ കുട്ടികളെ തൊട്ടടുത്തുള്ള സ്‌കൂളുകളിൽ പഠിപ്പിക്കാനുള്ള സാഹചര്യമൊരുക്കുന്ന കാര്യം പരിഗണനയിലുണ്ട്. ഇന്നലെ ഡി.ഇ.ഒ, എ.ഇ.ഒ തലത്തിലുള്ള ഉദ്യോഗസ്ഥരുടെ യോഗമാണ് നടന്നത്. അദ്ധ്യാപക പരിശീലനം സംബന്ധിച്ചും കൊവിഡ് മാനദണ്ഡമനുസരിച്ച് ക്ലാസുകൾ ക്രമീകരിക്കുന്നതിനെക്കുറിച്ചും ചർച്ചയായി.
അദ്ധ്യാപക സംഘടനകളുടെയും വിദ്യാർത്ഥി സംഘടനകളുടെയും ഉൾപ്പെടെ യോഗങ്ങൾ മന്ത്രി നേരത്തെ വിളിച്ചിരുന്നു. ഡി.ഡി.ഇ, ആർ.ഡി.ഡി, എ.ഡി ഉദ്യോഗസ്ഥരുടെയും മേയർമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗങ്ങൾ ചേർന്നിരുന്നു.
ഒരു സ്കൂളിൽ ഒരു ഡോക്ടർ
ഓരോ സ്‌കൂളിലും ഒരു ഡോക്‌ടറുടെയെങ്കിലും സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രിയുടെ നിർദ്ദേശം
സർക്കാർ-സ്വകാര്യ ഡോക്‌ടർമാരുടെ സേവനം ഇതിനായി ഉപയോഗിക്കാം
ഹോമിയോ പ്രതിരോധ മരുന്ന് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യും
പ്രവർത്തനങ്ങൾ വിപുലമാക്കാൻ ആവശ്യമെങ്കിൽ പി.ടി.എ പുന:സംഘടിപ്പിക്കണം
പി.ടി.എ ഫണ്ട് സ്‌കൂൾ മെയിന്റനൻസിനായി ഉപയോഗിക്കാം.
അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകുന്നതും പരിഗണനയിൽ
കോളേജിലും ഹാജർ നിർബന്ധമില്ല
ബിരുദ,ബിരുദാനന്തര അവസാന വർഷ ക്ളാസുകൾ ഇന്ന് തുടങ്ങാനിരിക്കേ, വിദ്യാർത്ഥികൾക്ക് ഹാജർ നിർബന്ധമല്ലെന്നും നാലു സമയക്രമങ്ങളിൽ ഒന്ന് കോളേജ് അധികൃതർക്ക് തിരഞ്ഞെടുക്കാമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു.
കോളേജുകളിലെ സൗകര്യം അനുസരിച്ച് പകുതി വിദ്യാർത്ഥികൾക്കായിഒന്നിടവിട്ട ദിവസങ്ങളിലോ, ഷിഫ്ട് അടിസ്ഥാനത്തിലോ പ്രവർത്തിക്കാം. കോളേജുകൾ, ഹോസ്റ്റലുകൾ, സ്കൂളുകൾ എന്നിവിടങ്ങളിലെ സി.എഫ്.എൽ.ടി.സികളും സി.എസ്.എൽ.ടി.സികളും ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച അദ്ധ്യാപകരെ തിരിച്ച് വിളിക്കുമ്പോൾ പകരം വോളണ്ടിയർമാരെ കണ്ടെത്തണം. സ്‌കൂളുകളിൽ ഡോക്‌ടർമാരുടെ നിരീക്ഷണം ഉറപ്പാക്കണം.സർക്കാർ ആശുപത്രികളിൽ ആന്റിജൻ കിറ്റുകൾ ഉറപ്പാക്കണം.
ക്ളാസ് സമയം
8.30-1.30
9.30- 3
9.30-3.30
1- 4വരെ
യുക്തമായത് തിരഞ്ഞെടുക്കാം.
എൻജി. കോളേജിൽ പ്രതിദിനം ആറു മണിക്കൂർ.