ലഹരിപ്പാർട്ടിയില്‍ മലയാളിബന്ധം? ആര്യന്‍ ഖാന്‍റെ സുഹൃത്ത് ശ്രേയസ് നായർ കസ്റ്റഡിയിൽ
മുംബൈ: ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ സംഭവത്തില്‍ മലയാളി ബന്ധമെന്ന് സൂചന. ആര്യൻ ഖാന് ലഹരി കൈമാറിയെന്ന് സംശയിക്കുന്ന സുഹൃത്ത് ശ്രേയസ് നായരെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു. ലഹരിപ്പാർട്ടിക്ക് പിന്നാലെ മുംബൈയിലും ബാന്ദ്രയിലും നാർകോട്ടിക് കൺട്രോൾ ബ്യൂറോ പരിശോധന ശക്തമാക്കി.
കോർഡീലിയ കപ്പലിൽ ലഹരി പാർട്ടിക്കിടയിൽ അറസ്റ്റിലായ ആര്യൻ ഖാൻ നാല് വർഷമായി ലഹരിവസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്നാണ് നാർക്കോട്ടിക് കണ്‍ട്രോൾ ബ്യൂറോയുടെ കണ്ടെത്തല്‍. ആഡംബര കപ്പലിലെ പാർട്ടിക്കായി ലഹരി എത്തിച്ച ആളെയും ആര്യൻ ഖാനെയും ഒരുമിച്ചിരുത്തിയാണ് ചോദ്യംചെയ്യുന്നത്. ചോദ്യംചെയ്യലിന് ഒരു ദിവസമാണ് മുംബൈ കോടതി നൽകിയത്. ഇത് അവസാനിക്കുന്നതോടെ വൈകിട്ട് പ്രതികളെ കോടതിയിൽ ഹാജരാക്കും. ചോദ്യംചെയ്യലിൽ കൂടുതൽ തെളിവുകൾ ലഭിച്ചാൽ കസ്റ്റഡി നീട്ടാൻ എൻ.സി.ബി അപേക്ഷ നൽകും. അല്ലെങ്കിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ആവശ്യപ്പെടും. ഷാരൂഖ് ഖാനുമായി സംസാരിക്കാൻ ആര്യൻ ഖാന് എൻസിബി രണ്ട് മിനുട്ട് സമയം അനുവദിച്ചു.
ആര്യന്‍ ഖാന്‍റെ ലെന്‍സ് കെയ്സില്‍ മയക്കുമരുന്ന്
മുംബൈയിലെ ആഡംബര കപ്പലില്‍ നിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന്‍റെ അളവ് വെളിപ്പെടുത്തി നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. 13 ഗ്രാം കൊക്കെയ്നും 21 ഗ്രാം ചരസും 22 എംഡിഎംഎ ഗുളികകളും അഞ്ച് ഗ്രാം എംഡിയുമാണ് പിടിച്ചെടുത്തത്. 1.33 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടിയതായി എൻസിബി കോടതിയെ അറിയിച്ചു. ലഹരിപ്പാര്‍ട്ടി കേസില്‍ അറസ്റ്റിലായ ആര്യൻ ഖാന്‍റെ ലെൻസ് കെയ്സില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് എൻ.സി.ബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. കേസിലെ മറ്റു പ്രതികളുടെ സാനിറ്ററി പാഡിലും മരുന്ന് ബോക്സിലും ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കൾ കണ്ടെടുത്തു. ആര്യനും സുഹൃത്തുക്കളും ലഹരിമരുന്ന് വാങ്ങിയതിനും വിറ്റതിനും തെളിവുണ്ടെന്നും എൻസിബി കോടതിയില്‍ പറഞ്ഞു.
ബോളിവുഡ്, ഫാഷൻ, ബിസിനസ് മേഖലകളിലെ ആളുകളുമായി മൂന്ന് ദിവസത്തെ ‘സംഗീത യാത്ര’യ്ക്കായി പുറപ്പെട്ട കോര്‍ഡീലിയ ആഡംബര കപ്പലിലാണ് എന്‍സിബി സംഘം റെയ്ഡ് നടത്തിയത്. കപ്പലില്‍ നിരോധിത മയക്കുമരുന്നുകള്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എന്‍സിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള എൻസിബി ഉദ്യോഗസ്ഥർ യാത്രക്കാരുടെ വേഷത്തില്‍ കപ്പലിൽ കയറുകയായിരുന്നു. കപ്പൽ മുംബൈ തീരം വിട്ട് നടുക്കടലിൽ എത്തിയതോടെയാണ് ലഹരിപ്പാർട്ടി ആരംഭിച്ചത്. മുംബൈയിൽ നിന്ന് പുറപ്പെട്ട് അറബിക്കടലിൽ യാത്ര ചെയ്ത ശേഷം ഒക്ടോബർ 4ന് രാവിലെ മടങ്ങേണ്ടിയിരുന്ന കപ്പലിലെ 13 പേരാണ് പിടിയിലായത്.