കാടാമ്പുഴയിൽ ഗർഭിണിയായ യുവതിയേയും ഏഴു വയസുകാരനായ മകനേയും കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി

ശിക്ഷ നാളെ വിധിക്കും. 2017 ജൂൺ 5 നാണ് കേസിനാസ്പദമായ സംഭവം

മലപ്പുറം: കാടാമ്പുഴയിൽ പൂർണ ഗർഭിണിയായ യുവതിയേയും ഏഴു വയസുകാരനായ മകനേയും മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമാണന്നു തെളിഞ്ഞു. നവജാത ശിശുവിന്റേതടക്കം മൃതദേഹങ്ങൾ പുഴുവരിച്ച നിലയിൽ ഒരാഴ്ചക്ക് ശേഷമാണ് കണ്ടെത്തിയിരുന്നത്. കോട്ടക്കൽ വാർത്തകൾ . കൊല്ലപ്പെട്ട ഉമ്മുസൽമയുമായി അടുപ്പത്തിലായിരുന്ന ആതവനാട് കരിപ്പോൾ സ്വദേശി മുഹമ്മദ് ശെരീഫാണ് പ്രതി .

പൂർണ ഗർഭിണിയായ ഉമ്മുസൽമയേയും മകൻ ഏഴു വയസുകാരൻ ദിൽഷാദിനേയും പ്രതി മുഹമ്മദ് ഷെരീഫ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ വേദനക്കിടെ ഉമ്മുസൽമയുടെ പ്രസവവും നടന്നു.

ആത്മഹത്യയാണന്ന് വരുത്തിത്തീർക്കാൻ ഉമ്മുസൽമയുടെയും ദിൽഷാദിന്റേയും കഴുത്തില്‍ ഷാൾ കൊണ്ട് മുറുക്കിയ നിലയിലായിരുന്നു. ഗര്‍ഭിണിയായ തനിക്കൊപ്പം താമസിക്കണമെന്ന് ഉമ്മുസൽമ വാശി പിടിച്ചതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നാണ് പ്രതിയുടെ മൊഴി.

ഉമ്മുസൽമയുമായി അടുപ്പത്തിലായിരുന്ന പ്രതിയെ തുടക്കം മുതൽ പൊലീസിന് സംശയമുണ്ടായിരുന്നു. മുഹമ്മദ് ഷെരീഫിന് ആതവനാട് കരിപ്പോളിൽ ഭാര്യയും മക്കളുമുണ്ട്. പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ ടൈൽസിന്റെ ഭാഗം ഉപയോഗിച്ച് പ്രതി കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.