മയക്കുമരുന്ന് നൽകി നിസാമുദ്ദീൻ എക്സ്പ്രസ്സിലെ കവർച്ച മൂന്ന് പേർ പിടിയിൽ
തിരുവനന്തപുരം: ട്രെയിൻ യാത്രകളെ കുറിച്ച് പേടി തോന്നുന്ന സംഭവമായിരുന്നു നിസാമുദ്ദീൻ എക്സ്‌പ്രസിൽ അടുത്തിടെ ഉണ്ടായ കവർച്ച. മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം സ്ത്രീകളുടെ പക്കൽ നിന്ന് സ്വർണവും മൊബൈലും മോഷ്ടിച്ച സംഭവം. കഴിഞ്ഞ സെപ്റ്റംബർ 12 നാണ് നിസാമുദ്ദീൻ -തിരുവനന്തപുരം എക്സ്‌പ്രസിൽ യാത്ര ചെയ്ത സ്ത്രീകൾ മോഷണത്തിന് ഇരയായത്. തിരുവല്ല സ്വദേശികളായ വിജയകുമാരിയേയും മകൾ അഞ്ജലിയേയും ആണ് മയക്കി കിടത്തി വസ്തുക്കൾ മോഷ്ടിച്ചത്. തീവണ്ടിയിലെ എസ് 1, കോച്ചിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. കേസിൽ റെയിൽവെ പൊലീസ് വളരെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മൂന്ന് പ്രതികളെ പിടികൂടിയിരിക്കുകയാണ്. ഷൗക്കത്തലി, ഖയാം, സുബൈർ എന്നിവരെ തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഏകദേശം 6500 കിലോമീറ്റർ യാത്ര ചെയ്തായിരുന്നു അന്വേഷണം. മഹാരാഷ്ട്രയിലെ കല്ല്യാണിൽ നിന്നാണ് പ്രതികൾ കേരള പൊലീസിന്റെ പിടിയിലായത്.
ആ സാഹസിക യാത്ര ഇങ്ങനെ
റെയിൽവെ പൊലീസിലെ സിഐ ആയ അഭിലാഷും സംഘവും ആഴ്ചകളായി ഈ കേസിന്റെ പിന്നാലെയായിരുന്നു. ബംഗാൾ സ്വദേശി ഖയാം എന്ന ആളാണ് കേസിലെ മുഖ്യപ്രതി. പരാതിയിൽ പറഞ്ഞ ഒരുകാര്യം പ്രതികളിലേക്ക് എത്താൻ നിർണായകമായി. നിസാമുദ്ദീൻ എക്സ്‌പ്രസിൽ യാത്ര ചെയ്ത തിരുവല്ല സ്വദേശികളായ വിജയകുമാരിയുടെയും മകൾ അഞ്ജലിയുടെയും എതിർവശത്തിരുന്ന ഖയാം എന്നയാൾ അന്ന് രാത്രി ഇവരെ ആഹാരം കഴിക്കാൻ നിർബന്ധിച്ചിരുന്നു. പരിചയം ഇല്ലാത്ത ഒരാൾ ഇങ്ങനെ പറയേണ്ട കാര്യം എന്തെന്ന് ഇവർക്ക് ചെറിയ സംശയം തോന്നുകയും ചെയ്തു. രണ്ടാമതായി നാഗർകോവിൽ സമാന രീതിയിൽ നടന്ന കുറ്റത്തിൽ, റിസർവേഷൻ സ്ലിപ്പിൽ ഖയാം എന്നയാളുടെ പേരുണ്ടായിരുന്നു. അതുവച്ചാണ് അന്വേഷണം ആരംഭിച്ചത്, അഭിലാഷ് പറഞ്ഞു.
രണ്ടും ഒരാളാവാമെന്നും, രണ്ടു നടന്നത് നിസാമുദ്ദീൻ എക്സ്‌പ്രസ് ആണെന്നതും സാധ്യത കൂട്ടി. രണ്ടാമത്തെ ദിവസം രാത്രി ആകുന്നതിന് തൊട്ടുമുമ്പാണ്, ഉറങ്ങുന്നതിന് തൊട്ടുമുമ്പാണ് ക്രൈം നടന്നത്. ഇങ്ങനെ പൊതുഘടകങ്ങൾ വച്ച് അന്വേഷിച്ചപ്പോൾ ഖയാം എന്നയാളാണ് ഇതിന് പിന്നിൽ എന്ന് മനസ്സിലായി. ബംഗാളിയാണെന്നും മനസ്സിലായി.
പിന്നീട് എസ്‌പി രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് ബംഗാളിൽ പോയി അന്വേഷിച്ചു. അവിടെ നിന്നും പ്രതികളെ കുറിച്ച് രഹസ്യ വിവരം കിട്ടി. ഇവർ ആഗ്രയിലേക്ക് പോയിരിക്കുകയാണെന്ന് അറിഞ്ഞ് അങ്ങോട്ട് പോയി. അവിടെ എത്തിയപ്പോൾ, കേരളത്തിലേക്ക് വരുന്ന ട്രെയിനിന്റെ അതേ വിലാസത്തിന്റെ പിൻകോഡ് വച്ച് ഒരേ പിഎൻആറിൽ മൂന്നുപേർ വ്യത്യസ്ത പേരിൽ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഇതൊരു അവസരമാണെന്ന് സംഘം കണക്കുകൂട്ടി. ബോംബെയിൽ പോയി ഇവർ വന്ന അതേ മംഗള എക്സ്‌പ്രസിൽ കയറി ഇവരുടെ കോച്ച് തിരിച്ചറിഞ്ഞു…ഇവരുടെ നേരത്തെ ഉണ്ടായിരുന്ന ഫോട്ടോസ് ഉണ്ടായിരുന്നു..ആ ഫോട്ടോ വച്ച് താരതമ്യപ്പെടുത്തി…പരാതിക്കാർക്ക് വാട്‌സാപ്പ് വഴി ഫോട്ടോ അയച്ചുകൊടുത്തു. അവരും ഏതാണ്ട് ഇതാണെന്ന് പറഞ്ഞു. പിന്നീട് ഇവരെ കേരളത്തിലേക്ക് കൊണ്ടുവന്ന് പരാതിക്കാരെ കാട്ടി ഉറപ്പുവരുത്തി.
ബംഗാളിൽ എങ്ങനെ ചെറുതുരുത്തി അഡ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തു?
ചെറുതുരുത്തി കേന്ദ്രീകരിച്ചുള്ള വിലാസം ഇവർ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ചതിന് പിന്നിലും രഹസ്യമുണ്ട്. ആഗ്ര ഒരു ടൂർ ബിസിനസ് കേന്ദ്രമായതുകൊണ്ട് ചെറുതുരുത്തിയിൽ വച്ച് പരിചയപ്പെട്ട ഒരാൾ ഇവർക്ക് അയാളുടെ കാർഡ് നൽകിയിരുന്നു. അവർ ആ വിലാസം വച്ചാണ് കേരളത്തിലെ ഡെസ്റ്റിനേഷൻ അഡ്രസ് കൊടുത്തതെന്ന് എസ്‌ഐ ഇല്യാസ് താഹ പറഞ്ഞു. ചെറുതുരുത്തിയിലെ ആ വ്യക്തിയെ കണ്ടെത്തി പൊലീസ് കൂടുതൽ വിവരങ്ങൾ തേടുകയും ചെയ്തിരുന്നു. ഷൗക്കത്തലി, ഖയാം, സുബൈർ എന്നീ പ്രതികളാണ് പിടിയിലായത്. മോഷണം നടത്തിയ ശേഷം പ്രതികൾ തൃശൂരിൽ ആണ് ഇറങ്ങിയത്. തൃശൂരിൽ നിന്ന് കണ്ണൂരും അവിടെ നിന്ന് ഗോവയിലേക്കും, കൊൽക്കത്തയിലേക്കും പോയി. സ്വർണം കൊൽക്കത്തയിൽ വിറ്റെന്നാണ് പ്രതികളുടെ മൊഴി.
എന്നാൽ, എസ് 2 കോച്ചിൽ സഞ്ചരിച്ച ആലുവയിൽ ഇറങ്ങേണ്ടിയിരുന്ന കോയമ്പത്തൂർ സ്വദേശിനിയായ കൗസല്യ ഉറങ്ങി പോയതിന് ഇതുമായി ബന്ധമില്ല എന്നാണ് പൊലീസ് നിഗമനം. കളമശേരി വരെ അവർ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. കോയമ്പത്തൂരിൽ ഭർത്താവുമായി പിണങ്ങി യാത്ര തിരിക്കുകയായിരുന്നു. ഭർത്താവിന്റെ സുഹൃത്തുക്കളാണ് ഫോണിൽ വിളിച്ചിരുന്നത്. അവർക്ക് ഇറങ്ങേണ്ട സ്ഥലം മാറി പോയിരുന്നു. കളമശേരിക്ക് ശേഷം അവർ ഉറങ്ങി പോയി. ഇവരുടെ സീറ്റിനടുത്തുകൊല്ലത്ത് ഇറങ്ങേണ്ട ഉത്തരേന്ത്യക്കാരൻ ഉണ്ടായിരുന്നു. ഇവർ തിരുവനന്തപുരത്ത് എത്തിയപ്പോളാണ് ഉറക്കം ഉണർന്നത്.
ചെങ്ങന്നൂരിലെ ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് തിരുവല്ല സ്വദേശിയായ വിജയകുമാരിയും മകൾ അഞ്ജലിയും കേരളത്തിലേക്ക് വന്നത്. ട്രെയിൻ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മൂന്ന് പേരെയും മയങ്ങി കിടക്കുന്ന അവസ്ഥയിൽ കണ്ടെത്തിയത്. വിജയകുമാരിയുടെയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളും മോഷണം പോയതായി ഇരുവരും പരാതി നൽകിയിട്ടുണ്ട്.രാവിലെ ട്രെയിനിൽ ആർ.പി.എഫ് നടത്തിയ പരിശോധനയിലാണ് ഇവർ മയങ്ങികിടക്കുന്നത് കണ്ടത്. തുടർന്ന് ഇവരെ തെക്കാട് ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ചികിത്സ നൽകുകയുമായിരുന്നു. പിന്നീട് ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയമ്പത്തൂർ സ്വദേശിനി കൗസല്യയെ മറ്റൊരു ബോഗിയിലാണ് കണ്ടെത്തിയത്. ഇവർ ആലുവയിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. ഏതായാലും റെയിൽവെ പൊലീസിന്റെ മികവിനെ പരാതിക്കാർ അഭിനന്ദിച്ചു. ഇനി സ്വർണം കണ്ടെത്തി പരാതിക്കാർക്ക് മടക്കി നൽകേണ്ട ചുമതല കൂടി ബാക്കിയുണ്ട്.