ഊർജ പ്രതിസന്ധി രൂക്ഷം; കേരളം ലോഡ് ഷെഡിങ്ങിലേക്ക്
കൊച്ചി: ആഗോള വിപണിയിൽ കൽക്കരിക്ഷാമം അതിരൂക്ഷമായതോടെ കേരളത്തിൽ കടുത്ത വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയേറി. കേന്ദ്ര പൂളിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാതെ വരുന്ന പശ്ചാത്തലത്തിൽ പവർ കട്ടും ലോഡ് ഷെഡിങ്ങും ഉൾപ്പെടെയുള്ള സാധ്യതകൾ കേരള വിദ്യുച്ഛക്തി ബോർഡ് പരിഗണിക്കുകയാണ്. നീണ്ട ആറ് വർഷങ്ങൾക്ക് ശേഷമാണ് കേരളം വീണ്ടും കടുത്ത വൈദ്യുതി നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നത്.
ആഗോള വിപണിയുടെ ചുവട് പിടിച്ച് ഇന്ത്യയിൽ കൽക്കരി ദൗർലഭ്യം അതിരൂക്ഷമാകുകയാണ്. പ്രധാന താപനിലയങ്ങളിൽ ഭൂരിപക്ഷവും ഉത്പാദനം നിറുത്തി വെയ്ക്കാനുള്ള ആലോചനയിലാണ്. നിലവിൽ രാജ്യത്തെ 70 ശതമാനം താപ വൈദ്യുതി നിലയങ്ങളിലും നാല് ദിവസത്തെ ഉത്പാദനത്തിനുള്ള കൽക്കരി മാത്രമാണ് ശേഷിക്കുന്നത്. അടുത്ത ആറ് മാസത്തേക്ക് രാജ്യത്തെ വൈദ്യുതി ഉത്പാദന മേഖല കടുത്ത വെല്ലുവിളിയാകും നേരിടുകയെന്ന് കേന്ദ്ര മന്ത്രി രാജ്കുമാർ സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.കൽക്കരി വില കുത്തനെ കൂടിയതോടെ ഇറക്കുമതി ഗണ്യമായി കുറഞ്ഞു. താപ വൈദ്യുതി നിലയങ്ങൾ 40 മുതൽ 50 ജിഗാവാട്ട് വരെ വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. രാജ്യത്തെ മൊത്തം വൈദ്യുതി ഉത്പാദനത്തിൽ 70 ശതമാനവും കൽക്കരി ഉപയോഗിച്ചാണ്.
ചൈനയിലെ വൈദ്യുത പ്രതിസന്ധിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും സ്ഥിതി വഷളാകുന്നത്. ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുതിച്ച് ഉയരുന്നതിനാൽ കൽക്കരിക്ക് ബദലായി പെട്രോളിയം ഉത്പന്നങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ക്രൂഡോയിൽ വില നിലവിൽ ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഉപഭോഗം ഗണ്യമായി കൂടിയിട്ടും മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ ഉത്പാദനം കൂട്ടാത്തതാണ് വലിയ വെല്ലുവിളി.