ബഹിരാകാശത്തെ ആദ്യ സിനിമ ചിത്രീകരണം; റഷ്യന്‍ സംഘം യാത്ര തിരിച്ചു
സിനിമ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പറന്ന് റഷ്യന്‍ നടിയും സംവിധായകനും. ‘ദ ചലഞ്ച്’ എന്ന ചിത്രം ഷൂട്ട് ചെയ്യാനാണ് നടി യൂലിയ പെരേസില്‍ഡും സംവിധായകന്‍ കിം ഷിപെന്‍കോയും യാത്ര തിരിച്ചത്. ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്. റഷ്യന്‍ സോയുസ് സ്‌പെയ്‌സ് ക്രാഫ്റ്റിലാണ് ഇരുവരുടെയും യാത്ര. ബഹിരാകാശ യാത്രികനായ ആന്റണ്‍ ഷ്‌കപ്ലറേവും ഇവര്‍ക്കൊപ്പമുണ്ട്.
ഹൃദയസംബന്ധമായ രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയുടെ ജീവന്‍ രക്ഷിക്കാനായി പുറപ്പെടുന്ന ഒരു ഡോക്ടറുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. യൂലിയ പെരേസില്‍ഡാണ് ഡോക്ടറുടെ വേഷത്തിലെത്തുന്നത്. മാസങ്ങളായുള്ള പരിശീലനത്തിനൊടുവിലാണ് ഖസാഖിസ്ഥാനിലെ റഷ്യന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് സംഘം യാത്ര തിരിച്ചത്. ബഹിരാകാശത്ത് സുരക്ഷിതമായി ഇവര്‍ എത്തിച്ചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പന്ത്രണ്ട് ദിവസത്തെ ചിത്രീകരണത്തിനുശേഷം സംഘം ഭൂമിയിലേക്ക് മടങ്ങും.
ഹോളിവുഡ് ആക്ഷൻ സൂപ്പർതാരം ടോം ക്രൂസിനെ നായകനാക്കി ബഹിരാകാശത്ത് സിനിമാ ചിത്രീകരണത്തിനൊരുങ്ങുന്ന വിവരം കഴിഞ്ഞ വർഷം മേയിൽ നാസ പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽവെച്ചാണ് ഡഗ് ലിമാൻ സംവിധാനം ചെയ്യുന്ന ടോം ക്രൂസിന്റെ സിനിമയുടെ ചിത്രീകരണം നടക്കുകയെന്നായിരുന്നു നാസയുടെ വിശദീകരണം.
അമേരിക്കയ്ക്ക് വേണ്ടി ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്‌സിന്റെ ക്രൂ ഡ്രാഗൺ 2020ൽ ബഹിരാകാശ സഞ്ചാരികളുമായി വിജയകരമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയതോടെ സ്പേസ് എക്‌സ് തന്നെയാണ് ടോം ക്രൂസിനെ ബഹിരാകാശത്തേക്കെത്തിക്കുകയെന്ന് ഉറപ്പിച്ചിരുന്നു. എന്നാൽ, ടോം ക്രൂസിന്റെയും ഇലോൺ മസ്‌കിന്റെയും പദ്ധതിയെ മറികടന്നാണ് റഷ്യന്‍ സംഘത്തിന്‍റെ യാത്ര.