സിദ്ദീഖ് കാപ്പന്റെ ജയിൽവാസം യു.എ.പി.എയുടെയും ലംഘനം -ഇ.ടി

മലപ്പുറം: യു.എ.പി.എ നിയമംതന്നെ കിരാതമാണെന്നിരിക്കെ അത് നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പോലും കാറ്റിൽപ്പറത്തിയാണ് മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ഉത്തർപ്രദേശ് ജയിലിൽ അടച്ചിട്ടിരിക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. രോഗാവസ്ഥയിൽ ആശുപത്രിയിലാക്കിയ സമയത്ത് ഏറെ ശ്രമിച്ചിട്ടും ഭാര്യക്ക് ഒന്ന് കാണാനുള്ള അനുമതി ലഭിച്ചില്ല. ഭരണഘടന പൗരന് അനുവദിക്കുന്ന എല്ലാവിധ അവകാശങ്ങളും കാപ്പൻറെ കാര്യത്തിൽ ലംഘിക്കപ്പെട്ടെന്നും പൊതുസമൂഹം ഗൗരവത്തോടെ രംഗത്തിറങ്ങണമെന്നും ഇ.ടി ആവശ്യപ്പെട്ടു. കേരള പത്രപ്രവർത്തക യൂനിയൻ ജില്ലാ കമ്മിറ്റി മലപ്പുറം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ‘അനീതിയിലാണ്ട്’ സിദ്ദീഖ് കാപ്പൻ ഐക്യദാർഢ്യസംഗമവും സിഗ്നേച്ചർ കാമ്പയിനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


പ്രസിഡൻറ് ശംസുദ്ദീൻ മുബാറക് അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് പ്രസിഡൻറ് വി.എസ് ജോയ്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി അനിൽ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. ബാബുരാജ്, പത്രപ്രവർത്തക യൂനിയൻ ജില്ലാ സെക്രട്ടറി കെ.പി.എം റിയാസ്, സിദ്ദീഖ് കാപ്പൻറെ ഭാര്യ റൈഹാന എന്നിവർ സംസാരിച്ചു. കാമ്പയിന് യൂനിയൻ ജില്ലാ ജോ.സെക്രട്ടറി പി. ഷംസീർ, നിർവാഹക സമിതി അംഗങ്ങളായ കെ. ഷമീർ, പി.എ അബ്ദുൽ ഹയ്യ്, വി.പി നിസാർ എന്നിവർ നേതൃത്വം നൽകി. സിദ്ദീഖിൻറെ മകൻ മുസമ്മിൽ, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ പങ്കാളികളായി.