സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തല ഓൺലൈൻ “മൂഡ്ൽ എൽഎംഎസ്” അധ്യാപക പരിശീലനം : സമാപന സമ്മേളനത്തിൽ കേരള നോളെജ് ഇക്കോണമി മിഷൻ, കെ-ഡിസ്ക്, കേരള സ്റ്റാർട്ടപ്പ് മിഷൻ പദ്ധതികൾ അവതരിപ്പിച്ചു

തിരൂർ: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിംഗ് ആൻറ് റിസർച്ച് (എസ് ഐ ടി ടി ടി ആർ) സംസ്ഥാനത്തെ പോളിടെക്നിക്ക് അധ്യാപകർക്കായി നടത്തിയ ഫാക്കൽട്ടി ഡവലപ്പ്മെൻറ് പ്രോഗ്രാം (എഫ്ഡിപി) ട്രെയിനിംഗ് ദ ട്രെയി നേഴ്സ് അവസാനഘട്ടം പൂർത്തിയാക്കി.

തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്ക് കോളേജാണ് മൂന്നാം ഘട്ട ഓൺലൈൻ അധ്യാപക പരിശീലനത്തിന് നേതൃത്വം നൽകിയത്. കോവിഡ് കാലം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രകടമായ മാറ്റത്തിന് തുടക്കം കുറിച്ച് മുന്നേറിയതിൻ്റെ തെളിവാണിതെന്നും “ഫ്യൂച്ചർ ഓഫ് ടീച്ചിംഗ് ആൻറ് ലേണിംഗ്” പോളിടെക്നിക്കുകൾ നെഞ്ചേറ്റിയതായും സമ്മേളനത്തിന് സ്വാഗതമാശംസിച്ച തിരൂർ എസ്എസ്എം പോളിടെക്നിക്ക് കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ നാസർ കൈപ്പഞ്ചേരി അഭിപ്രായപ്പെട്ടു.

കേരളത്തിലെ മുഴുവൻ പോളിടെക്നിക്ക് കോളേജുകളിലും മൂഡ്ൽ ഉപയോഗിച്ചുള്ള ലേണിംഗ് മാനേജ്മെൻ്റ് സാർവത്രികമാക്കാൻ സർക്കാർ തീരുമാനിച്ചത് ഏറ്റവും ഉചിതമായെന്ന് സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന കോഴ്സ് ഫീഡ്ബാക്ക് പാനൽ ചർച്ചയിൽ ഡോ. അനിത ജേക്കബ് (ലക്ചറർ, സിവിൽ എഞ്ചിനീയറിംഗ്, ഗവ. പോളിടെക്നിക്ക് ചേലക്കര), ഷംനാദ് എസ്എൻ (ലക്ചറർ, കമ്പ്യൂട്ടർ, ഗവ. പോളിടെക്നിക് നെടുമങ്ങാട്), സജു ശങ്കർ (ഹെഡ് ഓഫ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഗവ. പോളിടെക്നിക് പുനലൂർ), ആനി ജോസ് (ലക്ചറർ, ബയോ മെഡിക്കൽ എഞ്ചിനീയറിംഗ്, ഗവ. പോളിടെക്നിക് വെച്ചൂച്ചിറ), ഡോ. കെ കുഞ്ഞമ്പു (പ്രൊഫസർ ഓഫ് ഇംഗ്ലീഷ്, സ്വാമി നിത്യാനന്ദ പോളിടെക്നിക്ക്, കാഞ്ഞങ്ങാട്), എന്നിവർ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ കെഎൻ ശശികുമാർ (ജോയിൻ്റ് കൺട്രോളർ ഓഫ് ടെക്നിക്കൽ എക്സാമിനേഷൻസ്) അധ്യക്ഷത വഹിച്ചു. സമാപന സന്ദേശം ഡോക്ടർ പിവി ഉണ്ണികൃഷ്ണൻ (മെമ്പർ സെക്രട്ടറി, കേരള ഡലപ്പ്മെൻറ് ആൻറ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ) നൽകി. തുടർന്ന് കേരളത്തിലെ നൂതന വികസന പദ്ധതികൾക്ക് നേതൃത്വം നൽകുന്ന പ്രമുഖർ വ്യത്യസ്ഥ വിഷയങ്ങൾ അവതരിപ്പിച്ചു.

കേരള നോളജ് എക്കോണമി മിഷൻ്റെ (കെകെഇഎം) ആഭിമുഖ്യത്തിൽ ആരംഭിച്ച ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെൻ്റ് സിസ്റ്റത്തിൻ്റെ (ഡി ഡബ്ളിയു എം എസ്) പ്രവർത്തന രീതിയും ഉദ്ദേശലക്ഷ്യങ്ങളും പ്രൊഫസർ ആർ അജിത്കുമാർ (ഹെഡ് ഓഫ് സെൻ്റർ ഓഫ് ഡിജിറ്റൽ ഇന്നവേഷൻ ആൻറ് പ്രൊഡക്ട് ഡവലപ്മെൻറ് – കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി) വിശദീകരിച്ചു. പോളിടെക്നിക്ക് വിദ്യാർത്ഥികൾക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ മുന്നോട്ട് വെക്കുന്ന വിവിധ അവസരങ്ങളെ പറ്റി മുഹമ്മദ് റിയാസ് പിഎം (പ്രൊജക്ട് ഡയറക്ടർ, കേരള സ്റ്റാർട്ടപ്പ് മിഷൻ) മുഖ്യ പ്രഭാഷണം നടത്തി. “യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം” (വൈഐ പി) എന്ന സ്ക്കൂൾ വിദ്യാർത്ഥികൾ മുതൽ യൂണിവേഴ്സിറ്റി തലം വരെയുള്ള പഠിതാക്കൾക്ക് ഉപകാരപ്രദമായ കെ-ഡിസ്ക്ക് പദ്ധതിയും പ്രദേശിക സാമ്പത്തിക വികസനം ലക്ഷ്യം വെച്ച് കേരളത്തിൽ ആരംഭിച്ച ട്രിപ്പിൾ ഹെലിക്സ് മോഡൽ വികസന മാതൃകയായ “വൺ ഡിസ്ട്രിക്ട് വൺ ഐഡിയ” (ഒഡിഒഐ) പദ്ധതിയും വിശദീകരിച്ച് അജിത് കുമാർ നാരായണൻ കൃഷ്ണൻ (പ്രോഗ്രാം മാനേജർ, കെ-ഡിസ്ക്ക്) മുഖ്യ പ്രഭാഷണം നടത്തി.

ചടങ്ങിൽ എഎസ് ചന്ദ്രകാന്ത (ഡപ്യൂട്ടി ഡയറക്ടർ, എസ് ഐ ടി ടി ടി ആർ), സജി ടി (ഡപ്യൂട്ടി കൺട്രോളർ ഓഫ് ടെക്നിക്കൽ എക്സാമിനേഷൻസ്), ജയകുമാർ ആർ (ഡപ്യൂട്ടി ഡയറക്ടർ, ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റ്), സീമ കെഎൻ (പ്രിൻസിപ്പൽ, ഗവ. പോളിടെക്നിക് പാലക്കാട്), എന്നിവർ പ്രത്യേക പ്രഭാഷണം നടത്തി. വർഷങ്ങളായി മൂഡ്ൽ എൽഎംഎസ് ഉപയോഗിക്കുന്ന പാലക്കാട് ഗവ. പോളിടെക്നിക്കിൻ്റെ നേതൃത്വത്തിലാണ് ഈ പരിശീലന പദ്ധതിയുടെ ആശയം മുന്നോട്ട് വെച്ചതും ഇതിനായി പാഠ്യപദ്ധതി തയ്യാറാക്കിയതും. ആദ്യ രണ്ട് ബാച്ച് പരിശീലനം പാലക്കാട് ഗവ. പോളിടെക്നിക്കിൻ്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി.

തിരൂർ എസ്എസ്എം പോളിടെക്നിക്ക് കോളേജിൻ്റെ നേതൃത്വത്തിൽ ഒരാഴ്ചയായി നടന്ന പ്രസ്തുത പരിശീലനത്തിൽ മുപ്പതിലേറെ പോളിടെക്നിക്കിൽ നിന്നായി എഴുപതോളം അധ്യാപകർ പങ്കെടുത്തു. സംസ്ഥാനത്തെ 50 ൽ പരം സർക്കാർ / എയ്ഡഡ് പോളിടെക്നിക്കുകളിലെ 300 ൽ പരം അധ്യാപകർ വിവിധ ഘട്ടങ്ങളായി മൂഡ്ൽ മാസ്റ്റർ ട്രെയിനർമാരായി ഇതിനോടകം പരിശീലനം നേടിക്കഴിഞ്ഞു. ഇതോടെ, ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് പോളിടെക്നിക്ക് മേഖലയിൽ ആദ്യമായി ക്ലൗഡ് ബേയ്സ്ഡ് മൂഡിൽ ലേണിംഗ് മാനേജ്മെൻ്റ് സിസ്റ്റം യാഥാർത്ഥ്യമാവുകയാണ്.

സംസ്ഥാനതല അധ്യാപക പരിശീലനത്തിന് നേതൃത്വം നൽകിയ കെ സുദേവൻ (ലക്ചറർ ഗവ. പോളിടെക്നിക്ക്‌ പാലക്കാട്), ഡോ.അഷ്ക്കറലി പി (ഗവ. ആർട്ട്സ് ആൻറ് സയൻസ് കോളേജ് താനൂർ), പ്രൊഫ. സർജു എസ് (സെൻ്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പാല), പ്രൊഫ. ടൈറ്റസ് ജെ സാം (മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്നവേഷൻ കുട്ടിക്കാനം), പ്രൊഫ. ജിബിൻ എൻ (എംഇഎസ് ഐമാറ്റ് എറണാകുളം), എന്നിവർ ആശംസാ പ്രസംഗം നടത്തി.

പോളിടെക്നിക്കുകൾക്കായി ക്ലൗഡ് സേവനം ഒരുക്കിയ ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന (2021 ബെസ്റ്റ് ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്റ്റാർട്ട് പപ് ഇൻ യുഎഇ അവാർഡ് വിന്നർ) മുൻ പോളിടെക്നിക്ക് അധ്യാപകൻ കൂടിയായ വി മുഹമ്മദ് നവാസ് (ഹെഡ് ഓഫ് ഓപ്പറേഷൻ ബ്യൂകാസ്റ്റ് സോഫ്റ്റ് കെയർ സൊലൂഷൻസ്) ബിസിനസിനേക്കാൾ ഉപരി ഈ പ്രവർത്തനങ്ങൾ തൻ്റെ സാമൂഹിക ഉത്തരവാദിത്തം കൂടിയാണെന്ന് ആശംസാ പ്രസംഗത്തിൽ പറഞ്ഞു. എസ് ഐ ടി ടി ടി ആർ പ്രൊജക്ട് ഓഫീസർമാരായ അജിത എസ്, സ്വപ്ന കെകെ എന്നിവർ സംബന്ധിച്ചു. ലീഡ്സ് വെഞ്ച്വർ’ലാബ് വൈസ് പ്രസിഡണ്ട് റജിമോൻ എബ്രഹാം (ഹെഡ് ഓഫ് കമ്പ്യൂട്ടർ ഗവ. പോളിടെക്നിക് ചേലക്കര) സമാപന സമ്മേളനത്തിൽ നന്ദി പ്രകാശിപ്പിച്ചു.

എസ്എസ്എം വെഞ്ച്വർ’ലാബ് ടിബി ഐ – എൻറർപ്രനർ പാർക്ക് ആൻ്റ് കോ വർക്കിംഗ് സ്പേയ്സ് തിരൂർ പോളിടെക്നിക് കാമ്പസിൽ പ്രവർത്തന സജ്ജമായതായി മുൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ കുട്ടി അഹമ്മദ് കുട്ടി (ചെയർമാൻ ഗവർണിംഗ് ബോഡി എസ്എസ്എം പോളിടെക്നിക്ക്) അറിയിച്ചു. സാങ്കേതിക വിദ്യയുടെ വൈവിധ്യ വൽക്കരണത്തിലൂടെ സംരംഭകത്വവും പ്രാദേശിക സാമ്പത്തിക വികസനവും ലക്ഷ്യം വെക്കുന്ന എംഎസ്എംഇ ക്ലസ്റ്റർ ഇന്നവേഷൻ പ്രവർത്തനങ്ങളിൽ മലപ്പുറം റൗണ്ട് ടേബിൾ (എംആർടി) സ്റ്റാർട്ടപ്പ് എൻറർപ്രനേഴ്സ് ഫോറം തിരൂർ പോളിടെക്നിക്കുമായി സഹകരിക്കുന്നതായി എംആർടി പ്രസിഡണ്ട് മുജീബ് താനാളൂർ അറിയിച്ചു.