ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് അപേക്ഷിക്കാം

മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ പരിപാടികളുടെ ഫോട്ടോ കവറേജ് നടത്തുന്നതിനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് നിയമനം. വൈഫൈ ക്യാമറയും ഫോട്ടോ എഡിറ്റിങിന് പര്യാപ്തമായ ലാപ്‌ടോപ്പും ഉള്ളവര്‍ക്ക് അപേക്ഷിക്കാം (ഇവ അഭിമുഖ സമയത്ത് ഹാജരാക്കണം). പി.ആര്‍.ഡിയിലോ പത്രസ്ഥാപനങ്ങളിലോ ഫോട്ടോഗ്രാഫര്‍മാരായി സേവനം ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. ചുമതലപ്പെടുത്തുന്ന വര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം.

ഒരു ദിവസം ഫോട്ടോ കവറേജ് നടത്തുന്ന ആദ്യ പരിപാടിക്ക് 700 രൂപയും തുടര്‍ന്നെടുക്കുന്ന പരിപാടികള്‍ക്ക് 500 രൂപ വീതവും ലഭിക്കും. ഒരാള്‍ക്ക് പരമാവധി ഒരു ദിവസം 1700 രൂപയാണ് ലഭിക്കുക.  ഒരു പരിപാടിക്ക് 50 കിലോമീറ്ററിലധികം യാത്ര ചെയ്യുന്ന ഫോട്ടോഗ്രാഫര്‍ ചെലവഴിക്കുന്ന സമയം മൂന്ന് മണിക്കൂറില്‍ അധികമായാല്‍ 200 രൂപയും ആറ് മണിക്കൂറില്‍ അധികമാണെങ്കില്‍ 400 രൂപയും നല്‍കും. പാനലിന്റെ കാലാവധി 2023 മാര്‍ച്ച് 31 വരെയാണ്. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഒക്‌ടോബര്‍ 23നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ബി 3 ബ്ലോക്ക്, മലപ്പുറം, 676505 എന്ന വിലാസത്തില്‍ അയക്കണം. കവറിന് പുറത്ത് കരാര്‍ ഫോട്ടോ ഗ്രാഫര്‍ അപേക്ഷ എന്ന് രേഖപ്പെടുത്തണം. diomlpm2@gmail.com ലേക്കും അപേക്ഷ അയക്കാം. അപേക്ഷ നല്‍കിയവര്‍ക്കുള്ള കൂടിക്കാഴ്ച ഒക്‌ടോബര്‍ 29ന്  രാവിലെ 11ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കുമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0483 2734387.