വക്കേറ്റവും കൈയാങ്കളിയും; സി പി എം ബ്രാഞ്ച് സമ്മേളനം അലങ്കോലപ്പെട്ടു
തിരൂർ: സി പി ഐ എം വാക്കാട് ബ്രാഞ്ച് സമ്മേളനത്തിനിടെ വക്കേറ്റവും കൈയാങ്കളിയും. നേതൃത്വത്തിനെതിരെ ഒരു വിഭാഗം പ്രവർത്തകർ നിലപാടെടുത്തതോടെയാണ് വെള്ളിയാഴ്ച (ഇന്ന്) രാവിലെ തുടങ്ങിയ യോഗം ഉച്ചയോടെ അലങ്കോലപ്പെട്ടത്. ബ്രാഞ്ചിലെ നാല് മുതിർന്ന പ്രവർത്തകർക്ക് വോട്ടവകാശമുള്ള സ്ഥിരാംഗത്വം നൽകാത്തതിനെ ചൊല്ലിയാണ് വാക്കേറ്റമുണ്ടായത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബ്രാഞ്ച് കമ്മിറ്റിയിലെ സാമ്പത്തിക ക്രമക്കേടും കുത്തഴിഞ്ഞ പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടി സി പി എം ജില്ലാ സംസ്ഥാന നേതൃത്വത്തിന് ഈ നാലു പേരുടെ നേതൃത്വത്തിൽ പ്രവർത്തകർ പരാതി നൽകിയിരുന്നു. എന്നാൽ പ്രാദേശിക നേതൃത്വത്തിൻ്റെ പിന്തുണയോടെ പരാതിപ്പെട്ടവർക്കെതിരെ നടപടിയെടുക്കുകയുണ്ടായി. ഇതിനു ശേഷം പ്രദേശത്തെ ബഹുഭൂരിഭാഗം വരുന്ന സി പി എം പ്രവർത്തകരും വിമത ചേരിയിൽ നിലയുറപ്പിച്ച് പാർട്ടി വിടാൻ ഒരുങ്ങി.ഇതേതുടർന്ന് ജില്ലാ, ഏരിയാ നേതാക്കളെത്തി പ്രവർത്തകരെ അനുനയിപ്പിക്കുകയും അംഗത്വത്തിൽ നിന്ന് മാറ്റി നിർത്തിയ നാലു പേരെയും തിരികെ കൊണ്ടുവരികയും ചെയ്തു. എന്നാൽ ഇന്ന് സമ്മേളനത്തിൻ്റെ ആദ്യ സെഷൻ കഴിഞ്ഞപ്പോഴാണ് വോട്ടവകാശമുള്ള അംഗത്വം ഈ നാലു പേർക്കും ഇല്ലെന്ന് ബ്രാഞ്ച് സെക്രട്ടറി അറിയിക്കുന്നത്.

തുടർന്ന് സമ്മേളനം സംഘർഷാവസ്ഥയായി. പ്രവർത്തകരും നേതാക്കളും ചേരിതിരിഞ്ഞ് പോർവിളി ഉയർത്തിയതോടെ അലങ്കോലപ്പെട്ട യോഗം പിരിച്ചുവിട്ടു. അതേസമയം ‘പി എം ‘ അംഗത്വവിഹിതമായ 375 രൂപ അടച്ച് അംഗത്വത്തിൽ തിരിച്ചെടുത്ത തങ്ങളെ ബോധപൂർവ്വം മാറ്റി നിർത്താനുള്ള അജണ്ടയാണ് ഇതിന് പിന്നിലെന്ന് സഹീർ വാക്കാട് പറഞ്ഞു. വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് നെല്ലാഞ്ചേരി, തിരൂർ ഏരിയ സെൻ്റർ അംഗം കൊടക്കാട് ബഷീർ, വെട്ടം ലോക്കൽ സെക്രട്ടറി എൻ എസ് ബാബു എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ന് രാവിലെ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടിക്ക് തുടക്കമായത്. തീരദേശ മേഖലയിൽ സി പി എമ്മിന് നേരിയ സ്വാധീനമുള്ള പ്രദേശം കൂടിയാണ് വാക്കാട്. ഇവിടെ തുടർച്ചയായി തലപൊക്കുന്ന ചേരിപ്പോര് നേതൃത്വത്തിന് തലവേദനയാണ്. പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ ഔദ്യോഗിക വിഭാഗത്തിനെതിരെ ഇടഞ്ഞ് നിൽക്കുന്ന സി പി എം പ്രവർത്തകർ മുസ്ലീം ലീഗിൽ ചേരുമെന്ന സൂചനയുമുണ്ട്.
