മലബാര്‍ കലാപത്തെ ഹിന്ദു മുസ്ലീം ലഹളയായി ചിത്രീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം അംഗീകരിക്കാനാവില്ല: വി ഡി സതീശന്‍

മലപ്പുറം : മലബാര്‍ കലാപത്തെ ഹിന്ദു മുസ്ലീം ലഹളയായി ചിത്രീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചരിത്രത്തെ വക്രീകരിക്കുന്ന ഭരണകൂട ചെയ്തികള്‍ക്കെതിരെ ഡിവൈഡ് ആന്റ് റൂള്‍ 19212021 ചരിത്ര സെമിനാര്‍ മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രം എന്നും ചരിത്രമാണ്. ചരിത്രത്തെ വളച്ചൊടിച്ച്  സ്വാതന്ത്ര്യ സമര സേനാനികളെ ഇ്ല്ലായ്മ ചെയ്യാനും അവഹേളിക്കാനും നടത്തുന്ന ശ്രമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. മലബാറിന്റെ മണ്ണ്  സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ എന്നും നിലനില്‍ക്കുക തന്നെ ചെയ്യും. വരും വരായ്മകളെ പുല്ലുവിലക്കെടുത്ത് സ്വാതന്ത്ര്യത്തിനായി പോരാടിയ ധീര ദേശാഭിമാനികളെ ആദരിക്കുന്നതിനു പകരം അപമാനിക്കാന്‍ നടത്തുന്ന ശ്രമം ഈ തലമുറയോട്  മാത്രമല്ല, വരും തലമുറയോടും ചെയ്യുന്ന പാപമായി മാത്രമേ കാണാന്‍ കഴിയൂ. ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിച്ച് ഭരണം നിലനിര്‍ത്താനാണ് ശ്രമം നടത്തിയത്. അത് മനസ്സിലാവാതെ കുറെ പേര്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മില്‍ ത്ല്ലിയിട്ടുമുണ്ടാവാമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.  ജില്ലാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് അഡ്വ.വി.എസ് ജോയ് അധ്യക്ഷത വഹിച്ചു.എം.പി അബ്ദു സമദ് സമദാനി എം.പി,ഹമീദ് ചേന്ദമംഗല്ലൂര്‍,വി.ടി ബല്‍റാം തുടങ്ങിയവര്‍ സംസാരിച്ചു.ഡി.സി.സി ഭാരവാഹികളായ അഡ്വ.ബാബു മോഹന കുറുപ്പ് സ്വാഗതവും പി.പി ഹംസ നന്ദിയും പറഞ്ഞു.