കനത്ത മഴയിൽ മരണം 19 ആയി, കൂട്ടിക്കലിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ ലഭിച്ചു

കോട്ടയം: കനത്ത മഴയിൽ ഉരുൾപൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഉരുൾപൊട്ടലിൽ മരിച്ച പത്തുപേരുടെയും മലവെള്ളപാച്ചിലിൽ മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ തെരച്ചിൽ അവസാനിപ്പിച്ചു. കണ്ടെത്തിയതിൽ കാവാലി ഒട്ടലാങ്കല്‍ മാര്‍ട്ടിന്‍, മക്കളായ,സ്നേഹ, സാന്ദ്ര ,പ്ലാപ്പള്ളിയില്‍ മുണ്ടകശേരി റോഷ്നി, സരസമ്മ മോഹനന്‍, സോണിയ, മകന്‍ അലന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മാര്‍ട്ടിന്റെ ഭാര്യ, അമ്മ, മകള്‍ എന്നിവരുടെ മൃതദേഹം ഇന്നലെത്തന്നെ കണ്ടെത്തിയിരുന്നു. ഒഴുക്കില്‍പ്പെട്ട് ഓലിക്കല്‍ ഷാലറ്റ് , കുവപ്പള്ളിയില്‍ രാജമ്മ എന്നിവരാണ് മരിച്ചത്.

അതേസമയം, ഇടുക്കി കൊക്കയാറിൽ ഉരുള്‍പൊട്ടലില്‍ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ ഇവി‌ടെ കണ്ടെത്തി. അഫ്‍ന ഫൈസൽ (8), അഫിയാൻ ഫൈസൽ (4), അംന (7) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പുതഞ്ഞുകിടന്ന മണ്ണ് ജെ സി ബി ഉപയോഗിച്ച് നീക്കി പരിശോധിക്കുന്നതിന് ഇടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇനി അഞ്ചുപേരെയാണ് ഇവിടെ കണ്ടെത്താനുള്ളത്. അടിഞ്ഞുകിടക്കുന്ന കൂറ്റൻ പാറകളും മരങ്ങളും രക്ഷാപ്രവർത്തനത്തിന്റെ വേഗം കുറയ്ക്കുന്നുണ്ട്. ഒഴിക്കിൽപ്പെട്ട് കാണാതായ ആൻസി എന്ന വീട്ടമ്മയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ പത്തൊമ്പത് പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്.

പെരുവന്താനം നിർമലഗിരിയിൽ മലവെള്ളപാച്ചിലിൽ കാണാതായ വടശ്ശേരിയിൽ ജോജോയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വീടിന് സമീപത്തെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനിടെയാണ് ജോജോ മലവെള്ളപാച്ചിലിൽപ്പെട്ടത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

റവന്യൂമന്ത്രി കെ.രാജന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം ദുരന്തമേഖലകള്‍ സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി വിലയിരുത്തി. ആവശ്യമെങ്കിൽ കൂടുതൽ രക്ഷാപ്രവർത്തകരെയും യന്ത്രങ്ങളെയും സ്ഥലത്ത് എത്തിക്കും. മഴ കുറഞ്ഞത് രക്ഷാപ്രവർത്തനത്തിന്റെ വേഗം കൂട്ടിയിട്ടുണ്ട്.