സിനിമ-സീരിയൽ നടി ഉമാ മഹേശ്വരി അന്തരിച്ചു

ചെന്നൈ: പ്രമുഖ സിനിമ- സീരിയൽ നടി ഉമ മഹേശ്വരി അന്തരിച്ചു. 40 വയസ്സായിരുന്നു. കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു. മലയാളമുൾപ്പെടെ തെന്നിന്ത്യൻ ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഉമ, തമിഴ് സീരിയലായ മെട്ടി ഒളിയിലെ വിജി എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തയായത്.

ഏതാനും മാസങ്ങൾക്കു മുൻപ് ഉമയ്ക്കു മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. അതു ചികിത്സിച്ചു ഭേദമാക്കി. അടുത്തിടെ വീണ്ടും മഞ്ഞപ്പിത്തം ബാധിക്കുകയും ചികിത്സ തേടുകയും ചെയ്തായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സഹപ്രവർത്തകരായ താരങ്ങളും ആരാധകരും സമൂഹമാധ്യമങ്ങളിൽ നടിക്ക് ആദരാഞ്ജലി അർപ്പിച്ചു കുറിപ്പുകൾ പങ്കുവച്ചു. വെറ്ററിനറി ഡോക്ടറായ മുരുഗൻ ആണ് ഭർത്താവ്.

സുഹൃത്തും സഹപ്രവർത്തകയുമായ ഗായത്രിയാണ് ഉമാ മഹേശ്വരിയുടെ വിയോഗ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇന്ന് പുലർച്ചെ നടി ഛർദ്ദിച്ച ശേഷം കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ ഭാർഗവി നിലയത്തിൽ അവതരിപ്പിച്ച വേഷം ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. പ്രമുഖ തമിഴ് സീരിയലായ മീതി ഒളിയിലെ വിജയലക്ഷ്മി അഥവാ വിജി എന്ന കഥാപാത്രം ഉമയുടെ കരിയറിലെ നാഴികക്കല്ലായിരുന്നു. കൂടാതെ ‘ഒരു കഥയുടെ കഥൈ ‘, ‘ മഞ്ഞൽ മഗിമായി ‘ തുടങ്ങി ഒട്ടനവധി സീരിയലുകളിലും ഉമ അഭിനയിച്ചിട്ടുണ്ട്. കരിയറിൽ നടി ചില സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

വെട്രി കോടി കാട്ട്, ഉന്നൈ നിനൈതു, അല്ലി അർജ്ജുന തുടങ്ങിയ ചിത്രങ്ങളിലാണ് ഉമാ മഹേശ്വരി അഭിനയിച്ചിട്ടുള്ളത്. തമിഴ് സിനിമാ – സീരിയൽ രംഗത്തെ മുൻനിരത്താരങ്ങളെല്ലാം നടിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

ഉമാ മഹേശ്വരിയുടെ സഹപ്രവർത്തകയായിരുന്ന ഗായത്രി ശാസ്ത്രിയാണ് ഈ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മീതി ഒളിയിലെ സരോജ അഥവാ സരോ എന്ന കഥാപാത്രമായി എത്തിയ നടിയായിരുന്നു ഗായത്രി. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഗായത്രി ശാസ്ത്രി ഈ വിവരം പുറത്ത് വിട്ടത്. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഇക്കാര്യം പറയുന്നതെന്നും നമ്മുടെ ഉമാ മഹേശ്വരി നമ്മെ വിട്ടു പോയെന്നും ഒരുപാട് സങ്കടത്തോടെ പറയട്ടെ അവളുടെ സ്വർഗ്ഗീയ വസതിയിലേക്ക് അവൾ നീങ്ങിയെന്നും ഗായത്രി കുറിച്ചു. അവളവിടെ സമാധാനമായിരിക്കട്ടെ എന്നും നിന്നെ വല്ലാതെ മിസ്സ് ചെയ്യുമെന്നും ഗായത്രി കുറിച്ചു.