ലഘു മേഘവിസ്‌ഫോടനം; കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ പ്രതിഭാസം
കോട്ടയം: ശനിയാഴ്ച കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും മറ്റും വലിയ നാശം വിതച്ച പെരുമഴയ്ക്കും ഉരുൾപൊട്ടലിനും കാരണം ‘ലഘു മേഘവിസ്ഫോടനം’ എന്ന പ്രതിഭാസം. കുറച്ചു സമയത്തിനുള്ളിൽ, ചെറിയ പ്രദേശത്ത് പെയ്യുന്ന അതിശക്ത മഴയാണിത്.

2019-ൽ കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ ഉരുൾപൊട്ടലിനും കാരണമായത് ഈ പ്രതിഭാസമായിരുന്നു. 2018-ലെയും 2019-ലെയും പെരുമഴകൾ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല, യു.എസിലെ മയാമി യൂണിവേഴ്‌സിറ്റി, ഇന്ത്യൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയോറോളജി എന്നീ സ്ഥാപനങ്ങൾ സംയുക്തമായി നടത്തിയ പഠനമാണ് അന്ന് ഈ നിഗമനത്തിലെത്തിച്ചത്.

കേരളത്തിൽ 12-ാം തീയതി മഴ നിലച്ചതാണ്. അടുത്ത മൂന്നുദിവസം മഴയേ ഉണ്ടായില്ല. പിന്നീട്, ഇക്കഴിഞ്ഞ ഒറ്റ മഴയിലാണ് ഇത്രയും സംഭവങ്ങളുണ്ടായത്. കേരളത്തിന്റെ ആകാശം മുഴുവൻ ശനിയാഴ്ച കാർമേഘം നിറഞ്ഞിരുന്നു. അതുകൊണ്ട് പലയിടത്തും നല്ല മഴയും പെയ്തു. എന്നാൽ, ഈ മേഘത്തിൽത്തന്നെയുണ്ടായിരുന്ന, കൂടുതൽ തീവ്രമായ ചെറു മേഘക്കൂട്ടങ്ങളുള്ള സ്ഥലങ്ങളിലാണ് അതിശക്ത മഴയുണ്ടായതെന്ന് പഠനസംഘത്തിലുണ്ടായിരുന്ന കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്‌ഫറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ. എസ്. അഭിലാഷ് പറയുന്നു.

മണിക്കൂറിൽ പത്തു സെന്റിമീറ്റർ മഴ പെയ്യുന്നതിനെയാണ് പൊതുവെ മേഘവിസ്ഫോടനമെന്നു പറയുന്നത്. അത് കേരളത്തിൽ ഉണ്ടാകാറില്ല. എന്നാൽ, രണ്ടു മണിക്കൂർകൊണ്ട് അഞ്ചു സെന്റിമീറ്റർ കിട്ടുന്ന മഴയാണെങ്കിൽപ്പോലും അത് അപകടകരമാകും. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിനും അത് കാരണമാകും. ഇവിടെ അതാണുണ്ടായത്.

2018-ൽ പെരുമഴ പെയ്ത്, വെള്ളം ക്രമേണ ഉയർന്നു വരുന്നത് കാണാമായിരുന്നു. 2019-ലും ഇപ്പോഴും പെട്ടെന്ന് വെള്ളം ഉയരുകയായിരുന്നു. ഉരുൾപൊട്ടൽ കൂടിയായപ്പോൾ ഭീകരത വർധിച്ചു. ഇതാണിപ്പോൾ കോട്ടയത്തിന്റെ കിഴക്കൻ മേഖലയിലും ഉണ്ടായത്. പത്തനംതിട്ട, കോന്നി, സീതത്തോട്, പീരുമേട്, പൂഞ്ഞാർ എന്നിവിടങ്ങളിലെല്ലാം ഈ ഗണത്തിലുള്ള മഴയുണ്ടായി.

രണ്ടു മണിക്കൂറിനുള്ളിൽ പത്തു സെന്റീമീറ്ററിനടുത്തുവരെ ഇവിടെ പലയിടങ്ങളിലും മഴപെയ്തു. തീവ്രതയിൽ അൽപ്പം കുറഞ്ഞതും പക്ഷേ, അസാധാരണമായി കൂടുതൽ പ്രദേശങ്ങളെ ബാധിക്കുന്നതുമായ മേഘവിസ്ഫോടനം തന്നെയാണിതെന്ന് ഡോ. അഭിലാഷ് പറയുന്നു.