കെട്ടിപ്പുണര്‍ന്ന് കുഞ്ഞുശരീരങ്ങള്‍, നഷ്ടമായത് അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ഏഴു ജീവനുകള്‍, തോരാത്ത കണ്ണുനീരുമായി നാട്ടുകാര്‍

കൊക്കയാര്‍ (ഇടുക്കി) : കൊക്കയാര്‍ നാരകംപുഴയില്‍ നിന്ന് പുല്ലകയാറിന്റെയും കൈത്തോടുകളുടെയും തീരത്തു കൂടി നടക്കുമ്പോള്‍ ഹൃദയം പിടയും. തോരാത്ത കണ്ണുനീരുമായി നാട്ടുകാര്‍, മണ്ണില്‍ പുതഞ്ഞുപോയ ഏഴു പേരെ കണ്ടെത്താന്‍ പ്രയത്നിക്കുന്ന രക്ഷാപ്രവര്‍ത്തകര്‍, വീടും ഒരായുസിലെ സമ്പാദ്യവും ഉരുളെടുത്തതിന്റെ ദുഃഖം നിറയുന്ന മുഖങ്ങള്‍.

അപ്രതീക്ഷിതമായ അതി തീവ്ര മഴയും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലും കൊക്കയാറെന്ന കുടിയേറ്റ ഗ്രാമത്തെ തകര്‍ത്തെറിഞ്ഞപ്പോള്‍ നഷ്ടമായത് അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ഏഴു ജീവനുകളാണ്.

ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് വലിയ ശബ്ദത്തോടെ ഉരുള്‍ പൊട്ടി മലയിടിഞ്ഞ് താഴ്ഭാഗത്തുള്ള വീടുകളിലേക്കു പതിച്ചത്. മരിച്ച ഫൗസിയ സിയാദി (28) ന്റെ വീടിനു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലിരുന്ന് കളിച്ചുകൊണ്ടിരുന്ന അഞ്ചു കുട്ടികള്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ടു. വലിയ പാറക്കല്ലുകളും മരങ്ങളും ഒഴുകിവരുന്നതു കണ്ട് കുട്ടികളോടു രക്ഷപ്പെടാന്‍ അയല്‍വാസി ശാന്തമ്മ അലറിവിളിച്ചെങ്കിലും കുട്ടികളെ മലവെള്ളം കവര്‍ന്നെടുത്തു.

സിയാദിന്റെ മകള്‍ അംന(7), സഹോദരന്‍ അമീന്‍(10), സിയാദിന്റെ ഭാര്യാസഹോദരന്‍ കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്സാന്‍(8), അഫിയാന്‍(4), പുതുപ്പറമ്പില്‍ ഷാഹുലിന്റെ സച്ചു(3) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. സച്ചുവിനെ ഇനിയും കണ്ടുകിട്ടിയിട്ടില്ല.
വീട്ടിനുള്ളിലായിരുന്ന ഫൗസിയ വീടടക്കം ഒലിച്ചുപോയി. മുറ്റത്തായിരുന്ന സിയാദിനു രക്ഷപ്പെടാനായി. ഒലിച്ചു പോയ വീടുകളില്‍ ഒന്നില്‍ രോഗിയായ ചിറയില്‍ ഷാജി (55) യും ഉണ്ടായിരുന്നു.
ദുരന്തം നടന്ന വീടിന്റെ താഴ്ഭാഗത്ത് നിന്നും കെട്ടിപ്പിടിച്ച നിലയിലാണ് അംന,അഫ്സാന്‍, അഹിയാന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. അല്‍പ്പമകലെ ഫൗസിയയുടെയും മകന്‍ അമീന്റെയും മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.