സ്വർണവില ഇന്ന് വർധിച്ചു


കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് വർധിച്ചു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 4430 രൂപയും പവന് 35,440 രൂപയുമാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 1767.90 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 47,294 രൂപ നിലവാരത്തിലാണ്. ഡോളറിലെ ഏറ്റകുറച്ചിലുകളാണ് സ്വർണ വിപണിയിൽ പ്രതിഫലിക്കുന്നത്.

ഒക്ടോബര്‍ മാസത്തിൽ സ്വർണത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഒന്നാം തീയതിയായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 34,720 രൂപയായിരുന്നു. ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയത് ഈ മാസം 15നും. ഒരു പവൻ സ്വർണത്തിന് 35,840 രൂപയാണ് 15ന് രേഖപ്പെടുത്തിയത്.

വില ഉയർന്നാലും താഴ്ന്നാലും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ ജനം കാണുന്നത്. നിക്ഷേപമൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനാണ് ജനം താൽപര്യപ്പെടുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സ്വർണ വില നിശ്ചയിക്കപ്പെടുന്നത്.