എവറസ്റ്റ് കീഴടക്കുന്നതിനിടെ മലയാളി വിദ്യാര്‍ഥി മരിച്ചു
എടവണ്ണ: നേപ്പാളില്‍ എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ ശ്വാസതടസ്സത്തെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുള്ളയുടെ മകന്‍ മാസിന്‍ ആണ് മരിച്ചത്. മഞ്ചേരി ഏറനാട് നോളജ് സിറ്റി ബിബിഎ വിദ്യാര്‍ഥിയായിരുന്നു. ഒന്നര മാസം മുമ്പാണ് പഠനവുമായി ബന്ധപ്പെട്ട് മാസിന്‍ ദില്ലിയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലെത്തി എവറസ്റ്റ് കയറാന്‍ പോകുന്നതായി വിവരം ലഭിച്ചു.

വെള്ളിയാഴ്ച എവറസ്റ്റില്‍ നിന്നും ശ്വാസതടസ്സം അനുഭവപ്പെട്ട് മരിച്ചതായാണ് ശനിയാഴ്ച ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. പിതൃസഹോദരന്‍ നേപ്പാളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മാസിനും കുടുംബവും പാണ്ടിയാടാണ് പുതിയ വീട് വെച്ച് താമസിക്കുന്നത്. മാതാവ്: സമീറ (മഞ്ചേരി). സഹോദരി: ഷെസ.