മലപ്പുറത്തും പാലക്കാടും ഉരുൾപൊട്ടി; വയനാട്ടിൽ കനത്ത മഴ

പാലക്കാട്ട് മംഗലം ഡാമിന് സമീപവും പെരിന്തൽമണ്ണയിലും ഉരുൾപൊട്ടൽ

മൂന്ന് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കണ്ണൂർ ഇരി​ട്ടി​യി​ൽ ഒഴുക്കിൽ​പ്പെട്ട് ഒരാൾ മരി​ച്ചു

തിരുവനന്തപുരം: തെക്കൻ തമിഴ്നാട് തീരക്കടലിൽ രൂപമെടുത്ത ചക്രവാതച്ചുഴിയെ തുടർന്ന് ഭീതി വിതച്ച് ഇന്നലെ രാത്രിയോടെ സംസ്ഥാനത്ത് വീണ്ടും പെരുമഴ. പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഇന്നലെ രാത്രിയോടെ മഴ വീണ്ടും ശക്തമായത്. പാലക്കാട് മംഗലം ഡാമിന് സമീപവും പെരിന്തൽമണ്ണയിലും ഉരുൾ പൊട്ടുകയും ഈരാറ്റുപേട്ടയിൽ രണ്ടിടത്ത് മണ്ണിടിയുകയും ചെയ്തു. ആളപായമില്ല. പാലക്കാട്, വയനാട്, തൃശൂർ ജി​ല്ലകളി​ൽ ദുരി​താശ്വാസ ക്യാമ്പുകൾ തുറന്ന് നൂറോളം കുടുംബങ്ങളെ മാറ്റി​പ്പാർപ്പി​ച്ചു. കണ്ണൂർ ഇരി​ട്ടി​യി​ൽ ഒഴുക്കി​ൽ പെട്ട് ടാപ്പി​ംഗ് തൊഴി​ലാളി​ കോട്ടായി​ ഗണേശൻ (48) മരിച്ചു. സുൽത്താൻ ബത്തേരി ടൗണിൽ വെള്ളം പൊങ്ങി കടകളിലേക്കും വീടുകളിലേക്കും കയറി. വയനാട്ടിൽ നാടുകാണിച്ചുരത്തിൽ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. കൊല്ലം മുതൽ കോഴിക്കോട് വരെ ജില്ലകളിൽ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നിലവിൽ യെല്ലോ, ഓറഞ്ച് അലർട്ടുകളാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മലയോര പ്രദേശങ്ങളിലും ദുരന്തസാദ്ധ്യതാ പ്രദേശങ്ങളിലും അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 24 വരെ കനത്ത മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കൊച്ചി റഡാർ ഇമേജിൽ കണ്ണൂർ, മലപ്പുറം,​ കോഴിക്കോട്, തൃശൂർ ജില്ലകളിലെ മലയോര പ്രദേശങ്ങൾ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കനത്ത മഴയ്‌ക്ക് സാദ്ധ്യത കാണുന്നത്.

അണക്കെട്ടുകൾ തുറന്ന സാഹചര്യത്തിൽ ഡാമുകളിലെ റൂൾ കർവ് നിരീക്ഷിക്കുന്ന വിദഗ്ദ്ധസമിതി ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ട്. ഇടുക്കി ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ കഴിഞ്ഞ ദിവസം 35 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ ജലം പുറത്തേക്കൊഴുക്കുകയും വൈദ്യുതി ഉത്പാദനം 45 മില്യൺ യൂണിറ്റ് വരെ കൂട്ടുകയും ചെയ്തിട്ടും ജലനിരപ്പ് താഴ്ന്നിട്ടില്ല. ഷട്ടർ വഴി പുറത്തേക്കൊഴുക്കുന്നതിനേക്കാൾ കൂടുതലാണ് ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലം. മഴ ശക്തമായാൽ കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടിവരും. തുലാമഴ കൂടി വരാനിരിക്കെ ജലനിരപ്പ് കാര്യമായി കുറയാതിരിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

16 നും 20നും ഇടയിൽ

42 മരണം

304 ക്യാമ്പുകളിൽ 3851 കുടുംബങ്ങൾ

മഴദുരിതം നേരിടാൻ

ദേശീയ ദുരന്തനിവാരണ സേനയുടെ 12 ടീമുകൾ

രണ്ട് ആർമി ടീമുകൾ

3 ഡി.എസ്.സി ടീമുകൾ

വ്യോമസേനയുടെ രണ്ടു കോപ്ടറുകൾ

നേവിയുടെ ഒരു കോപ്ടർ

എൻജിനിയറിംഗ് ടാസ്‌ക് ഫോഴ്സ്

ജില്ലകളിൽ സംസ്ഥാന-ദേശീയ സേനകൾ

ചക്രവാതച്ചുഴി

കടൽപ്പരപ്പിൽ വിശാലമായ പ്രദേശത്ത് ചുറ്റിത്തിരിഞ്ഞ് മഴമേഘങ്ങളെ തണുപ്പിച്ച് വൻമഴയ്ക്ക് കാരണമാകുന്ന കാറ്റാണ് ചക്രവാതച്ചുഴി. ഇത് ചിലപ്പോൾ ന്യൂനമർദ്ദമായും പിന്നീട് ചുഴലിക്കാറ്റായും രൂപാന്തരപ്പെട്ടേക്കാം. തെക്കൻ തമിഴ്നാട്ടിലെ കടലിൽ രൂപം കൊണ്ടതാണ് ഇപ്പോഴത്തെ ചക്രവാതച്ചുഴി. ഇതിന്റെ സ്വാധീനം തെക്കേ ഇന്ത്യയിൽ മുഴുവനുമുണ്ടാകും. ചക്രവാതച്ചുഴി ഒരേ നിലയിൽ ദിവസങ്ങളോളം നിലകൊണ്ട് ശക്തമായ മഴ പെയ്യിക്കും.