ജനങ്ങളെ സഹായിക്കേണ്ട സര്‍ക്കാറുകള്‍ ജനങ്ങളെ ദ്രോഹിക്കുന്നു : കൊടിക്കുന്നില്‍ സുരേഷ് എം പി

മലപ്പുറം : പൊതുജനത്തെ സഹായിക്കേണ്ട കേന്ദ്ര, കേരള സര്‍ക്കാറുകള്‍ ജനങ്ങളെ ദ്രോഹിക്കുന്ന സമീപനവുമായി മുന്നോട്ടു പോകുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി പറഞ്ഞു. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മലപ്പുറത്ത് നടത്തിയ നികുതിരഹിത നീതി പെട്രോള്‍ പമ്പ് പ്രതിഷേധ സമര പരിപാടി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ദിനം പ്രതി വര്‍ദ്ധിച്ചുവരുന്ന ഇന്ധനവില നിയന്ത്രിക്കാനാണ് ഇരു സര്‍ക്കാറുകളും ശ്രമം നടത്തേണ്ടത്. എന്നാല്‍ കേന്ദ്ര, കേരള സര്‍ക്കാറുകള്‍ ഇന്ധനവിലയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ്  സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. വിവരമില്ലാത്ത കേന്ദ്ര മന്ത്രിമാര്‍ ഇന്ധനവില വര്‍ദ്ധനവിനെ ആനുകൂലിച്ച് വിവരമില്ലാത്ത പ്രസ്താവനകള്‍ നടത്തുന്നു. പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് അവരുടെ ശ്രമം. സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവില നിയന്ത്രിക്കാന്‍ അധിക നികുതി വേ ണ്ടെന്ന് വെക്കണം. മലപ്പുറം ഡി സി സി പ്രസിഡന്റ് വി എസ് ജോയ് അധ്യക്ഷത വഹിച്ചു.

ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ പി ടി അജയ് മോഹന്‍, എ പി അനില്‍കുമാര്‍ എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ ആര്യാടന്‍ ഷൗക്കത്ത്, ആലിപ്പറ്റ ജമീല എന്നിവരും, ഇ മുഹമ്മദ് കുഞ്ഞി, സക്കീര്‍ പുല്ലാര തുടങ്ങിയവര്‍ സംസാരിച്ചു.