സംസ്ഥാനത്ത് കനത്ത മഴ, ഉരുൾപൊട്ടൽ, എരുമേലി - മുണ്ടക്കയം സംസ്ഥാനപാതയിൽ വെള്ളം കയറി
കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മദ്ധ്യകേരളത്തിലാണ് മഴ ശക്തമായത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. മഴയെതുടർന്ന് മുണ്ടക്കയത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. എരുമേലി-മുണ്ടക്കയം സംസ്ഥാന പാതയില്‍ വെള്ളം കയറി.വണ്ടന്‍പതാല്‍ തേക്കിന്‍കൂപ്പില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. വണ്ടന്‍പതാലില്‍ വീടുകളില്‍ വെള്ളം കയറി. മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുകയാണ്.

നേരത്തെ ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കലിലും ശക്തമായ മഴയാണ് തുടരുന്നത്. പത്തനംതിട്ടയിലും കനത്ത മഴ തുടരുന്നതായാണ് റിപ്പോർട്ട്. ആങ്ങമൂഴി വനത്തിൽ ഉരുൾപൊട്ടി.
നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. തിങ്കളാഴ്ച 11 ജില്ലകളിലും, ചൊവ്വാഴ്ച എട്ടു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ചൊവ്വാഴ്ച നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം അറബിക്കടലില്‍ കന്യാകുമാരിക്കടുത്ത് ചക്രവാത ചുഴിയും കേരള കര്‍ണാടക തീരത്തെ ന്യൂനമര്‍ദ പാത്തിയും തുടരുകയാണ്.ഇതിന്റെ ഫലമായാണ് അതിശക്തമായ മഴ തുടരുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച തുലാവര്‍ഷം കേരളത്തിലെത്തുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.