പാകിസ്താനെതിരേ 152 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ

ദുബായ്: ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരേ 152 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. തുടക്കം പാളിയ ഇന്ത്യയെ അര്‍ധ സെഞ്ചുറി നേടിയ വിരാട് കോലിയുടെയും 39 റണ്‍സെടുത്ത ഋഷഭ് പന്തിന്റെയും ഇന്നിങ്‌സുകളാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

49 പന്തുകള്‍ നേരിട്ട കോലി ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 57 റണ്‍സെടുത്ത് പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഷഹീന്‍ അഫ്രീദി രോഹിത് ശര്‍മയെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കി. നേരിട്ട ആദ്യ പന്തിലാണ് രോഹിത് പുറത്തായത്.

പിന്നാലെ മൂന്നാം ഓവറില്‍ ഷഹീന്‍ കെ.എല്‍ രാഹുലിനെയും (3) പുറത്താക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവ് മികച്ച ഷോട്ടുകളുമായി തുടങ്ങിയെങ്കിലും ആറാം ഓവറില്‍ താരത്തെ ഹസന്‍ അലി പുറത്താക്കി. എട്ടു പന്തില്‍ ഒരു സിക്‌സും ഫോറുമടക്കം 11 റണ്‍സായിരുന്നു സൂര്യകുമാറിന്റെ സമ്പാദ്യം.

തുടര്‍ന്ന് നാലാം വിക്കറ്റില്‍ ഒന്നിച്ച കോലി – ഋഷഭ് പന്ത് സഖ്യം 53 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ 13-ാം ഓവറില്‍ പന്തിനെ മടക്കി ഷദാബ് ഖാന്‍ ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു. 30 പന്തില്‍ നിന്ന് രണ്ടു വീതം സിക്‌സും ഫോറുമടക്കം 39 റണ്‍സെടുത്താണ് പന്ത് മടങ്ങിയത്.

തുടര്‍ന്ന് ക്രീസിലെത്തിയ രവീന്ദ്ര ജഡേജ 13 പന്തില്‍ 13 റണ്‍സുമായി മടങ്ങി. കോലിക്കൊപ്പം അഞ്ചാം വിക്കറ്റില്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും ജഡേജയ്ക്കായി. ഹാര്‍ദിക് പാണ്ഡ്യ എട്ടു പന്തില്‍ നിന്ന് 11 റണ്‍സെടുത്തു.

ഷഹീന്‍ അഫ്രീദിയാണ് പാകിസ്താനായി ബൗളിങ്ങില്‍ തിളങ്ങിയത്. നാല് ഓവര്‍ എറിഞ്ഞ താരം 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹസന്‍ അലി രണ്ടു വിക്കറ്റെടുത്തു.