ടൂവീലറിൽ ഒറ്റയ്ക്കു യാത്രചെയ്യുന്ന യുവതികളെ ദേഹോപദ്രമേൽപ്പിച്ചയാൾ അറസ്റ്റിൽ
മലപ്പുറം: സ്കൂട്ടറിൽ തനിച്ച് യാത്ര ചെയ്യുന്ന യുവതികളെ ബൈക്കിൽ പിൻതുടർന്ന് ആക്രമിക്കുകയും കടന്നു പിടിക്കുകയും ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. എടക്കര കൗക്കാട് സ്വദേശി ആലങ്ങാടൻ ശ്രീജിത്ത് എന്ന മണിക്കുട്ടനെ (31) മലപ്പുറം വഴിക്കടവ് പോലീസ് ആണ് പിടികൂടിയത്. വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ പി. അബ്ദുൾ ബഷീറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സപ്തംബർ 13 ന് വൈകുന്നേരം 7.30 മണിയോടെയാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ഡ്യൂട്ടി കഴിഞ്ഞ് എടക്കരയിൽ നിന്നും സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സർക്കാർ ആരോഗ്യ പ്രവർത്തകയായ യുവതിയെ ബൈക്കിൽ പ്രതി പിൻതുടർന്നു. മുരിങ്ങമുണ്ടക്ക് അടുത്ത് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് സ്കൂട്ടറിനു കുറുകെ ബൈക്ക് കൊണ്ട് വിലങ്ങിട്ട് തടഞ്ഞ പ്രതി യുവതിയെ കയറി പിടിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ യുവതി സ്കൂട്ടറടക്കം മറിഞ്ഞു വീണു. യുവതി ഉച്ചത്തിൽ ബഹളം വെച്ചതോടെ പ്രതി ബൈക്കോടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവസമയം പ്രതി മാസ്കും, ഹെൽമറ്റും, റെയിൻകോട്ടും ധരിച്ചിരുന്നു. തുടർന്ന് നിലമ്പൂർ ഡിവൈഎസ്പി സാജു.കെ. അബ്രഹാമിൻ്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രദേശത്തെ സി സി ടി വി കൾ കേന്ദ്രീകരിച്ചും, പ്രദേശവാസികൾ നൽകിയ സൂചനകളുടേയും അടിസ്ഥാനത്തിലും ആയിരുന്നു അന്വേഷണം. പോലീസ് അന്വേഷിക്കുന്നുണ്ട് എന്നു മനസ്സിലാക്കി ഒളിവിൽ പോയ പ്രതിയെ കൊണ്ടോട്ടി ഒളവട്ടൂരിലുള്ള ജോലിസ്ഥലത്തു വെച്ചാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കഴിഞ്ഞ മാർച്ചിൽ ചുങ്കത്തറ പുലിമുണ്ടയിലും പ്രതി സമാന രീതിയിൽ യുവതിയെ കയറിപ്പിടിച്ചിരുന്നു.
ഉദ്യോഗസ്ഥയായ യുവതിയെ രാത്രി 8 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ആയിരുന്നു ആക്രമിച്ചത്. സംഭവത്തിൽ എടക്കര പോലീസ് സ്റ്റേഷനിലും കേസെടുത്തിരുന്നു. എസ്.ഐ മാരായ എം.അസ്സൈനാർ, തോമസ് കുട്ടി ജോസഫ്, സി പി ഓമാരായ അഭിലാഷ് കൈപ്പിനി, ആസിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, പ്രശാന്ത് കുമാർ .എസ്, അനീഷ് എം.എസ്, എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്.
പ്രദേശത്തു ഇത്തരം നിരവധി സംഭവങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ടെങ്കിലും പലരും ഭയവും മാനക്കേടും മൂലം പോലീസിൽ പരാതി എത്താത്ത സംഭവങ്ങളുമുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ കാര്യത്തിലും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇരകളായ യുതികൾ സ്റ്റേഷനിലെത്തി പ്രതിയെ തിരിച്ചറിഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.