കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം
ബംഗളുരു: ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് കർശന ഉപാധികളോടെ ജാമ്യം. എട്ടു മാസം നീണ്ട വാദത്തിനു ഒടുവിൽ കർണാടക ഹൈക്കോടതി ജസ്റ്റിസ് എം ജി ഉമയുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബംഗലൂരു ഡിവിഷൻ അന്വേഷിക്കുന്ന കേസിൽ നാലാം പ്രതിയായ ബിനീഷ് ഒരു വർഷമായി ബംഗലൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ്. ജാമ്യ നടപടികൾ പൂർത്തിയാക്കി ബിനീഷിന് നാളെ ജയിൽ മോചിതനാകാൻ കഴിയും.

ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ കഴിഞ്ഞ വർഷം ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരി അറസ്റ്റിലായത്. തുടർന്ന് 14 ദിവസത്തോളം ഇ ഡിയുടെ കസ്റ്റഡിയിലായിരുന്നു ബിനീഷ് കോടിയേരി. നവംബർ 11 മുതലാണ് ബംഗളുരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് ബിനീഷിനെ മാറ്റിയത്. തുടർന്ന് പത്തിലേറെ തവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.
ബിനീഷിന്റെ അക്കൗണ്ടില്‍ കള്ളപ്പണം ഇല്ലെന്നും പച്ചക്കറി, മാത്സ്യ മൊത്തക്കച്ചവടത്തില്‍ നിന്ന് ലഭിച്ച പണമാണ് അക്കൗണ്ടില്‍ ഉള്ളതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. അതേസമയം കഴിഞ്ഞ വർഷം രണ്ടു തവണ ബെംഗഗളൂരു പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
ലഹരിമരുന്ന് കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ഒന്നാം പ്രതിയായ അനൂപ് മുഹമ്മദുമായി നടത്തിയ പണമിടപാടാണ് ബിനീഷ് കോടിയേരിയെ കുടുക്കിയത്. 2012 മുതല്‍ ഇവര്‍ തമ്മില്‍ പണമിടപാട് നടത്തിയിരുന്നതായി ഇ ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കൂടാതെ ആദായനികുതിയ റിട്ടേണ്‍ സമര്‍പ്പിച്ചതിലും ബിനീഷ് കോടിയേരി തിരിമറി നടത്തിയതായി ഇ ഡി ആരോപിക്കുന്നുണ്ട്. 2012 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 5.19 കോടി രൂപയുടെ വരുമാനത്തില്‍ 3.95 കോടി രൂപയുടെ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചിരുന്നു.
അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കുന്നതിനായി കേരളത്തിലേക്ക് പോകാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ബിനീഷ് കോടതിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും കോടതി ജാമ്യം നൽകിയിരുന്നില്ല.