ഫേസ്ബുക്ക് പുതിയ പേരിൽ, പിന്നിലെ സസ്പെൻസ് വെളിപ്പെടുത്തി മാർക്ക് സക്കർബർഗ്

കാലിഫോർണിയ: കമ്പനിയുടെ പേര് മെറ്റാ (Meta) എന്നാക്കി മാറ്റിയതായി വ്യക്തമാക്കി ഫേസ്ബുക്ക്. കമ്പനിയുടെ തത്സമയം സ്ട്രീം ചെയ്ത വെർച്വൽ, ഓഗ്‌മെന്റഡ് റിയാലിറ്റി കോൺഫറൻസിൽ സംസാരിച്ച ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ്, പുതിയ പേര് മെറ്റാവേർസ് നിർമ്മിക്കുന്നതിലെ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നുവെന്ന് പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളെ ഉപയോഗിച്ച് മനുഷ്യ ജീവിതത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ഇന്റർനെറ്റിൽ ലഭ്യമാക്കാനുള്ള വൻ പദ്ധതിയാണു മെറ്റാവേർസ്.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നീ സോഷ്യൽ മീഡിയകളുടെ പേരുകൾ അങ്ങനെ തന്നെ തുടരും. മാതൃകമ്പനിയുടെ പേരാണ് മാറ്റിയത്. ഇപ്പോൾ മെറ്റാ എന്നറിയപ്പെടുന്ന ഫേസ്ബുക്ക് അതിന്റെ സ്റ്റോക്ക് ടിക്കർ എഫ്.ബിയിൽ നിന്ന് എം.വി.ആർ.എസിലേക്ക് മാറ്റും. ഇത് ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്പനിയുടെ അറിയിപ്പിൽ പറയുന്നു. ഇതിനോടകം, സക്കർബർഗിന്റെ സ്വകാര്യ ഫേസ്ബുക്ക് പേജിൽ, അദ്ദേഹത്തിന്റെ ജോലിയുടെ പേര് “മെറ്റായുടെ സ്ഥാപകനും സി.ഇ.ഒയും” എന്നാക്കി മാറ്റിയിട്ടുണ്ട്.

ഫേസ്ബുക്ക് എന്ന പേര് ഒരു ഉത്പന്നത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതാണെന്നും എന്നാൽ മെറ്റാവേഴ്‌സ് കമ്പനിയാകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും സക്കർബർഗ് വ്യക്തമാക്കി. മെറ്റ എന്നത് ഒരു ഗ്രീക്ക് വാക്കാണ്. ഇംഗ്ലീഷിൽ അതിരുകൾക്കും പരിമിതികൾക്കും അപ്പുറം എന്നാണ് അർത്ഥം. ഈ വാക്ക് ഉപയോഗിക്കുന്നതിലൂടെ കമ്പനി ചെയ്യുന്നതും ചെയ്യാനാഗ്രഹിക്കുന്നതുമായ കാര്യം വ്യക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.