മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി മന്ത്രിമാർ

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി റവന്യൂ – ജല വകുപ്പ് മന്ത്രിമാർ. തമിഴ്നാട് ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതനുസരിച്ചുള്ള ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. ആശങ്ക വേണ്ട എന്നാൽ അതീവ ജാഗ്രത വേണമെന്നും റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഇന്ന് രാവിലെ 7.30 ഓടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേകൾ തുറന്നത്. 3,4 സ്പിൽവേ ഷട്ടറുകൾ ആണ് 30 സെന്റി മീറ്റർ വീതം ഉയർത്തിയത്. 534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ഡാമിലെ വെള്ളം ആദ്യമെത്തുക വള്ളക്കടവിലാണ്. പെരിയാറിന്റെ ജലനിരപ്പിൽ വലിയ മാറ്റം ഇതുവരെയില്ല. ജല നിരപ്പ് ഉയരുമെന്നതിനാൽ പ്രദേശത്ത് നിന്നും ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. റവന്യു- ജല വകുപ്പ് മന്ത്രിമാർ സ്ഥലത്ത് ക്യാംപ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
