സര്‍വ്വകലാശാല ആസ്ഥാനത്ത് ശനിയാഴ്ച ഉപവാസം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷഭവന്‍ ഉള്‍പ്പെടെയുള്ള ഓഫീസുകളിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അനുകൂല സര്‍വ്വീസ് സംഘടനയായ യൂനിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസെഷന്‍ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി ശനിയാഴ്ച
രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെ സര്‍വ്വകലാശാല ഭരണകാര്യാലയത്തിന് മുന്നില്‍ യൂനിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് കെ.എഫ് മനോജും ജനറല്‍ സെക്രട്ടറി ഒ.കെ സ്വപ്‌നയും ഏകദിന ഉപവാസം നടത്തും. ജീവനക്കാര്‍ ഉപയോഗിക്കുന്ന സ്‌കാനറുകളും പ്രിന്ററുകളും ഫോട്ടോസ്റ്റാറ്റ് മെഷീനും മാറ്റി പുതിയവ സ്ഥാപിക്കുക, വര്‍ക്ക് അസസ്‌മെന്റ് നടത്തി ജീവനക്കാരെ പുനര്‍വിന്യസിക്കുക, പരീക്ഷാഭവനില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇരിപ്പിടവും ഡിജിറ്റലൈസ്ഡ് എന്‍ക്വയറി കൗണ്ടറും അടങ്ങിയ ഫ്രണ്ട് ഓഫീസ് സംവിധാനം സ്ഥാപിക്കുക, ഡിജിറ്റല്‍ വിംഗിനെ കാലാനുസൃതമായി പരിഷ്‌കരിക്കുക, രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി തടഞ്ഞുവെച്ചിരിക്കുന്ന സര്‍വ്വകലാശാല പ്രസിലെ ജീവനക്കാരന്‍ എം.കെ മുരളീധരന്റെ ഗ്രേഡ് പ്രോമോഷന്‍ ഉടന്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

എ.പി അനില്‍കുമാര്‍ എം.എല്‍.എ സമരം ഉദ്ഘാടനം ചെയ്യും. സമാപന ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് നിര്‍വ്വഹിക്കും. വിദ്യാര്‍ത്ഥി സമൂഹത്തോട് സര്‍വ്വകലാശാലയ്ക്ക് ബാധ്യതയുണ്ടെന്നും ആവശ്യങ്ങളില്‍ തീരുമാനമായില്ലെങ്കില്‍ കൂട്ടധര്‍ണ സംഘടിപ്പിക്കുമെന്നും സ്റ്റാഫ് ഓര്‍ഗനൈസെഷന്‍ പ്രസിഡന്റ് കെ.എഫ് മനോജ് പറഞ്ഞു.