സര്‍വ്വകലാശാല ഓഫീസുകളില്‍ മിക്കതും വര്‍ഷങ്ങള്‍ പഴക്കമുള്ള കമ്പ്യൂട്ടറുകള്‍: സേവനങ്ങളെ ബാധിക്കുന്നതായി ജീവനക്കാര്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല ഓഫീസുകളില്‍ മിക്കതും വര്‍ഷങ്ങള്‍ പഴക്കമുള്ള കമ്പ്യൂട്ടറുകളായതിനാല്‍ ഓഫീസ് പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി ജീവനക്കാര്‍. പരീക്ഷഭവന്‍ ഉള്‍പ്പെടെയുള്ള പ്രധാന ഓഫീസ് സെക്ഷനുകളില്‍ മിക്കവയിലും വര്‍ഷങ്ങള്‍ പഴക്കമുള്ള എന്‍കമ്പ്യൂട്ടിംഗ് കമ്പ്യൂട്ടറുകളായതിനാല്‍ ഇടവിട്ട് സാങ്കേതിക തടസ്സങ്ങളുണ്ടാകുന്നതായും ഇത് പ്രവര്‍ത്തനത്തെ ബാധിക്കുന്നതായും യൂനിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ അംഗങ്ങളായ ജീവനക്കാര്‍ വ്യക്തമാക്കി. എന്‍ കമ്പ്യൂട്ടിംഗ് കമ്പ്യൂട്ടര്‍ സംവിധാനമായതിനാല്‍ പ്രധാന കമ്പ്യൂട്ടറില്‍ നിന്ന് ഓഫീസ് സെക്ഷനുകളിലെ മറ്റു കമ്പ്യൂട്ടറുകളെ ബന്ധിപ്പിക്കുന്നതിനാല്‍ പ്രധാന കമ്പ്യൂട്ടറിന് തകരാര്‍ സംഭവിച്ചാല്‍ മറ്റുള്ളവയുടെ പ്രവര്‍ത്തനവും മുടങ്ങുന്ന സ്ഥിതിയാണെന്ന് ജീവനക്കാര്‍ പറയുന്നു. ജീവനക്കാര്‍ ഉപയോഗിക്കുന്ന സ്‌കാനറുകളും പ്രിന്ററുകളും ഫോട്ടോസ്റ്റാറ്റ് മെഷീനുകളുടെ കാര്യത്തിലും പരാതിയുണ്ട്. മൂന്ന് വര്‍ഷം മുമ്പ് സര്‍വ്വകലാശാല ഓര്‍ഡര്‍ നല്‍കിയ 73 പുതിയ കമ്പ്യൂട്ടറുകള്‍ ലഭ്യമായിട്ടുമില്ല. ഇത്തരമൊരു സാഹചര്യമായതിനാല്‍ എപ്പോള്‍ വേണമെങ്കിലും പൂര്‍ണമായും കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള ഓഫീസ് പ്രവര്‍ത്തനം നിശ്ചലമായേക്കുമെന്നാണ് ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നത്. പരീക്ഷഭവനില്‍ ഉള്‍പ്പെടെ 300ലധികം കമ്പ്യൂട്ടറുകള്‍ കാര്യക്ഷമമല്ലെന്നാണ് ആരോപണം. ഇതിനാല്‍ ജീവനക്കാര്‍ പ്രയാസപ്പെടുന്ന സാഹചര്യവുമുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി പരീക്ഷഭവനിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഫ്രണ്ട് ഓഫീസ് സംവിധാനം ഇത്രകാലമായിട്ടും നടപ്പാക്കാത്തതും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ത്ഥികള്‍ക്കായി മൂത്രപ്പൂര, ഹെല്‍പ്പ് ഡെസ്‌ക്ക്് തുടങ്ങിയ സൗകര്യങ്ങളും പരീക്ഷഭവനില്‍ ഒരുക്കാത്തതും ചര്‍ച്ചാവിഷയമാക്കുകയാണ് സ്റ്റാഫ് ഓര്‍ഗനൈസെഷന്‍.