ര​ജ​നി​കാ​ന്ത് സു​ഖം​ ​പ്രാ​പി​ക്കു​ന്നു; പ്രാ​ർ​ത്ഥ​ന​യോ​ടെ​ ​ആ​രാ​ധ​കർ

ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്ത് സുഖം പ്രാപിച്ചുവരുന്നതായി അദ്ദേഹം ചികിത്സയിൽ കഴിയുന്ന ചെന്നൈ കാവേരി ആശുപത്രി സി.ഇ.ഓ ഡോ.അരവിന്ദൻ ശെൽവരാജ് അറിയിച്ചു.രജനിയുടെ മസ്തിഷ്ക്കത്തിലേക്കുള്ള കഴുത്തിലെ രക്തധമനിയിലെ ബ്ളോക്ക് ഇന്നലെ നീക്കം ചെയ്തെന്നും ഈ പ്രക്രിയ വിജയകരമായിരുന്നുവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വിശദീകരിച്ചിട്ടുണ്ട്.ഏതാനും ദിവസത്തിനകം ആശുപത്രി വിടാൻ കഴിയും.

സൂപ്പർ സ്റ്റാർ രജനികാന്തിനെ രണ്ടുദിവസം മുൻപാണ് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനയ്ക്കാണ് അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

താരം വേഗം സുഖം പ്രാപിക്കട്ടെയെന്ന പ്രാർത്ഥനയോടെയും അദ്ദേഹത്തിന്റെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. കുറച്ചു കാലത്തേക്കെങ്കിലും സിനിമയിൽ നിന്ന് വിട്ടുനിൽക്കണമെന്നും ആരോഗ്യം ശ്രദ്ധിക്കണമെന്നും ആരാധകരിൽ ചിലർ താരത്തോട് ആവശ്യപ്പെടുന്നുണ്ട്.

രജനികാന്തിന്റെ പുതിയ ചിത്രമായ അണ്ണാത്തെ ദീപാവലി പ്രമാണിച്ച് നവംബർ നാലിന് ലോക വ്യാപകമായി റിലീസ് ചെയ്യും. പി.വി. ആർ ഗ്രൂപ്പാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.

സൺ പിക്ച്ചേഴ്സിന്റെ ബാനറിൽ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയിൽ നയൻതാരയാണ് രജനികാന്തിന്റെ നായികയാകുന്നത്. കീർത്തി സുരേഷ് അനുജത്തിവേഷം അവതരിപ്പിക്കുന്നു. ഖുശ്ബുവും മീനയും പ്രകാശ് രാജും ബാലയുമാണ് മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.രജനീകാന്ത് ആശുപത്രിയിലായതോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് കുപ്രചാരണങ്ങളും സോഷ്യൽമീഡിയായിൽ സജീവമാണ്.