പെരിന്തൽമണ്ണയിൽ കഞ്ചാവുമായി 3 പേർ പിടിയിൽ
മലപ്പുറം: പെരിന്തൽമണ്ണയിൽ 205 കിലോഗ്രാം കഞ്ചാവുമായി 3 പേർ പിടിയിൽ. ലോറി മോഷണ കേസ് അന്വേഷണത്തിനിടെ ലഭിച്ച സൂചനകൾ കൃത്യമായി പിന്തുടർന്നാണ് പെരിന്തൽമണ്ണ പോലീസ് കഞ്ചാവ് കള്ളക്കടത്ത് പിടികൂടിയത്. കോയമ്പത്തൂർ മധുക്കര സ്വദേശി മുഹമ്മദ് ആഷിഖ്(25) , കുനിയംപുത്തൂർ സ്വദേശി മുരുകേശൻ(48), ആലുവ സ്വദേശി പുത്തൻമാളിയേക്കൽ നൗഫൽ എന്ന നാഗേന്ദ്രൻ (48) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ആഗസ്റ്റ് 7 ന് പെരിന്തൽമണ്ണയിൽ നിന്നും മോഷണം പോയ അശോക് ലെയ്‌ലാന്റ് ലോറി കണ്ടെത്താൻ ഉള്ള അന്വേഷണം ആണ് ജില്ലയിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിൽ ഒന്നിലേക്ക് എത്തിച്ചത്. മേഖലയിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മുൻപ് ലോറി മോഷണ ക്കേസുകളിൽ പ്രതിയായവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.മുഹമ്മദ് ആഷിഖിനെ ആണ് ആദ്യം തിരിച്ചറിഞ്ഞത്. കോയമ്പത്തൂർ സേലം ഹൈവേയിൽ നിന്ന് ആണ് ആഷിഖിനെ പോലീസ് പിടികൂടിയത്.
ഇയാളുടെ കൂടെ കാറിൽ ആയിരുന്നു നൗഫൽ എന്ന നാഗേന്ദ്രൻ. ഇരുവരെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ ലോറി മോഷ്ടിച്ചത് ഇവർ തന്നെ ആണെന്ന് തെളിഞ്ഞു. ഇവരുടെ മൊബൈലുകളുടെ ലൊക്കേഷനുകൾ പരിശോധിച്ചത് ആണ് കഞ്ചാവ് വേട്ടയിലേക്ക് പോലീസിനെ നയിച്ചത്. ആന്ധ്രയിലും ഒറീസയിലും ഇവർ പല തവണ ഉണ്ടായിരുന്നു എന്ന് മനസ്സിലായതോടെയാണ് കഞ്ചാവ് കള്ളക്കടത്തിന്റെ ചിത്രം തെളിയുന്നത്. കൂടുതൽ ചോദ്യം ചെയ്തതോടെ ഒഡീഷയിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന ഇവരുൾപ്പെടുന്ന സംഘത്തെ കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചു.
തുടർന്നാണ് ഒഡീഷയിൽ നിന്നും കോഴിക്കോട്ടേക്ക് കഞ്ചാവുമായി വരുന്ന ലോറി പോലീസ് കണ്ടെത്തിയത്. കരിങ്കല്ലത്താണിയിൽ നിന്നാണ് ലോറി കസ്റ്റഡിയിൽ എടുത്തത് എന്ന് പോലീസ് പറയുന്നു. കുനിയംപുത്തൂർ സ്വദേശി മുരുകേശനാണ് കഞ്ചാവുമായി പിടിയിൽ ആയത്. നൗഫൽ ആണ് കഞ്ചാവ് കൊണ്ടുവരാൻ പണം മുടക്കിയിരുന്നത്. കേരളത്തിലെ പല സ്ഥലങ്ങളിൽ നിന്നും മോഷണം നടത്തുന്ന ലോറികൾ കോയമ്പത്തൂരിലെ രഹസ്യകേന്ദ്രങ്ങളിൽ വച്ച് രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റ് വച്ചും ഇത്തരത്തിൽ കഞ്ചാവ് കടത്താനായി ഉപയോഗിക്കുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പെരിന്തൽമണ്ണയിൽ നിന്നും മോഷണം നടത്തിയ ലോറി രൂപമാറ്റം വരുത്താനായി കൊടുത്തതാണെന്ന് പ്രതി മുഹമ്മദ് ആഷിഖ് പോലീസിനോടു പറഞ്ഞു.
ഒഡീഷയിൽ നിന്ന് കിലോഗ്രാമിന് 3000 രൂപ മുതൽ വിലകൊടുത്ത് വാങ്ങി ചരക്ക് ലോറികളിൽ ഒളിപ്പിച്ച് കേരളം,തമിഴ്നാട് സംസ്ഥാനങ്ങളിലെ മൊത്തവിൽപനക്കാർക്ക് കൈമാറുന്ന സംഘമാണ് പിടിയിലായത്. സംഘത്തിലെ ചിലർ ആന്ധ്ര, കൊയമ്പത്തൂർ ,തിരുവനന്തപുരം ജയിലുകളിൽ ശിക്ഷയനുഭവിച്ച് വരികയാണ്. പിടിച്ചെടുത്ത 205 കിലോഗ്രാം കഞ്ചാവിന് അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു കോടിയോളം രൂപ വില വരും.
കേസിലെ മുഖ്യപ്രതി മുഹമ്മദ് ആഷിഖ് തൃശ്ശൂർ പട്ടിക്കാട് സ്റ്റേഷൻ പരിധിയിൽ നിന്നും ലോറി മോഷണം നടത്തിയ കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയതാണ്. നൗഫൽ എന്ന നാഗേന്ദ്രൻ്റെ പേരിൽ പാലക്കാട് ആലത്തൂർ സ്റ്റേഷനിലും, തിരുവല്ല എക്സൈസിലും സ്പിരിറ്റ് കള്ളക്കടത്ത് കേസുകളും തിരുവനന്തപുരം കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസും നിലവിലുണ്ട്. ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് ഐ പി എസിൻ്റെ നിർദേശപ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്പി എം.സന്തോഷ്കുമാർ ,സി.ഐ.സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ.സി.കെ.നൗഷാദ്, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി.മുരളീധരൻ, ഷിജു.പി.എസ്, എൻ.ടി.കൃഷ്ണകുമാർ,എം.മനോജ് കുമാർ, പ്രശാന്ത് , സജീർ എന്നിവർ അടങ്ങുന്ന സംഘം ആണ് പ്രതികളെ പിടികൂടിയത്.