മലയാളി തിളക്കം; പി.ആർ. ശ്രീജേഷടങ്ങുന്ന 12 പേർക്ക് ഖേൽരത്ന പുരസ്കാരം

ന്യൂഡൽഹി : ടോക്കിയോ ഒളിമ്പിക്സിലൂടെ പതിറ്റാണ്ടുകൾക്കു ശേഷം ഇന്ത്യൻ ഹോക്കി ടീമിനെ മെഡലണിയിച്ചതിൽ സുപ്രധാന പങ്കുവഹിച്ച മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷും ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ രാജ്യത്തിനായി ആദ്യ സ്വർണമെഡൽ നേടി ചരിത്രം രചിച്ച നീരജ് ചോപ്രയുമടക്കം 12 പേർക്ക് പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്ന.

ഖേൽരത്ന സ്വന്തമാക്കുന്ന ആദ്യ മലയാളി പുരുഷ കായികതാരമാണ് ശ്രീജേഷ്. കെ.എം. ബീനമോൾ (2002), അഞ്ജു ബോബി ജോർജ് എന്നിവരാണ് (2003) ഇതിന് മുമ്പ് ഖേൽരത്ന നേടിയ മലയാളികൾ.

കഴിഞ്ഞ ദിവസം പുരസ്കാരനിർണയസമിതി ശുപാർശ ചെയ്ത 11 പേരുടെ ലിസ്റ്റിനൊപ്പം ഇന്ത്യൻ ഹോക്കി ടീം ക്യാപ്ടൻ മൻപ്രീത് സിംഗിനെയും ഉൾപ്പെടുത്തിയാണ് ഇന്നലെ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടായത്.

ടോക്കിയോ ഒളിമ്പിക്സിലും പാരാലിമ്പിക്സിലും മികവുകാട്ടിയവർ ഉൾപ്പെടെ 35 പേർക്ക് അർജുന അവാർഡും പ്രഖ്യാപിച്ചു. മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്കാരത്തിന് രണ്ട് മലയാളികൾ അർഹരായി. സമഗ്രസംഭാവനയ്ക്ക് ടി.പി.ഒൗസേപ്പും റഗുലർ പരിശീലകരിൽ രാധാകൃഷ്ണൻ നായരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇരുവരും അത്‌ലറ്റിക്സ് പരിശീലകരാണ്. ടോക്യോ ഒളിമ്പിക്സ് അത്‌ലറ്റിക് ടീമിന്റെ ചീഫ് കോച്ചായിരുന്നു രാധാകൃഷ്ണൻ നായർ.

ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ മലയാളി വനിതാ ബോക്സർ കെ.സി ലേഖയ്ക്ക് സമഗ്രസംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരം ലഭിച്ചു. തലശേരി സായ്‌യിൽ പരിശീലനം നടത്തുന്ന തമിഴ്നാടിന്റെ ഫെൻസിംഗ് താരം ഭവാനി ദേവി അർജുനയ്ക്ക് അർഹയായി. നവംബർ 13ന് രാഷ്ട്രപതി ഭവനിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യും.

മറ്റ് ഖേൽരത്നകൾ

രവി കുമാർ,​ ലവ്‌ലിന,​അവനി ലെഖാര,​സുമിത് ആന്റിൽ,​ പ്രമോദ് ഭഗത്,​കൃഷ്ണ നാഗർ,​മനീഷ് നർവാൾ,​മിഥാലി രാജ്,​ സുനിൽ ഛെത്രി

ശ്രീജേഷിനായി മാറിനിന്നു, മൻപ്രീതിനെയും ഒപ്പം ചേർത്തു

ഇക്കുറി ശ്രീജേഷിന് ഖേൽരത്ന കിട്ടാനായി ഇന്ത്യൻ ക്യാപ്ടൻ മൻപ്രീത് സിംഗ് സ്വന്തം അപേക്ഷ നൽകിയിരുന്നില്ല. എന്നാൽ കായികമന്ത്രാലയം ചരിത്രനേട്ടം കുറിച്ച ഇന്ത്യൻ സംഘത്തിന്റെ നായകനെയും ഉൾപ്പെടുത്തിയാണ് പുരസ്കാരപ്പട്ടിക പ്രഖ്യാപിച്ചത്.