സംസ്ഥാനം നികുതി കുറയ്ക്കില്ല ധനമന്ത്രി ബാലഗോപാൽ
തിരുവനന്തപുരം: കേന്ദ്രം എക്സൈസ് തീരുവ കുറച്ചത് പോരെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല. ഇന്ധന വിലയിലെ മൂല്യവര്‍ധിത നികുതി കേരളം കുറയ്ക്കില്ല. കേന്ദ്രം വില കുറച്ചതിന് ആനുപാതികമായി കേരളത്തിലും വില കുറയുമെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ ഇപ്പോഴത്തെ തീരുമാനം മുഖം രക്ഷിക്കാനാണെന്നും കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി.
ധനമന്ത്രിയുടെ പ്രതികരണം
ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പെട്രോളിനും ഡീസലിനും മേൽ ചെലുത്തിയിരുന്ന പ്രത്യേക എക്സൈസ് നികുതിയിൽ ചെറിയ കുറവ് വരുത്താൻ കേന്ദ്ര ഗവൺമെന്റ് തയ്യാറായിട്ടുണ്ട്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും ആണ് ഇതുവഴി കുറയുക. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരു ലിറ്റർ ഡീസലിനും പെട്രോളിനും മേൽ 30 രൂപയിലധികം പ്രത്യേക നികുതിയും സെസും കേന്ദ്ര ഗവൺമെന്റ് ചുമത്തിയിരുന്നു. സംസ്ഥാനങ്ങൾക്ക് വീതം വെക്കേണ്ടതില്ലാത്ത ഈ നികുതിവരുമാനം പെട്രോളിയത്തിന്റെ അന്തർദേശീയ വില വ്യതിയാനങ്ങളുമായി ബന്ധമില്ലാതെ കേന്ദ്രം ചുമത്തുന്ന അധിക നികുതിയാണ്.
ഇപ്പോൾ ഈ കുറവ് വരുത്തിയത് രാജ്യത്താകെ ഉയർന്നുവന്ന ജനരോഷത്തിൽ നിന്നും താൽക്കാലികമായി മുഖം രക്ഷിച്ചെടുക്കാനാണ്. പെട്രോളിനും ഡീസലിനും മേലുള്ള സംസ്ഥാന നികുതി കഴിഞ്ഞ 6 വർഷമായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്‍റുകള്‍ വർധിപ്പിച്ചിട്ടില്ല. മാത്രമല്ല ഇക്കാലയളവിൽ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്തു. യഥാർത്ഥത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണിത്. നിലവിലുള്ള കേന്ദ്ര നികുതിക്ക് പുറമെ പ്രത്യേക നികുതിയായും സെസ് ആയും കേന്ദ്രം വസൂലാക്കിക്കൊണ്ടിരുന്ന മുപ്പതിലധികം രൂപ ഓരോ ലിറ്റർ ഡീസലില്‍ നിന്നും പെട്രോളിൽ നിന്നും അടിയന്തരമായി കുറവ് ചെയ്ത് ജനങ്ങളെ സഹായിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടത്.
വില കുറയും
പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കുറച്ചത്. ഇന്ധന വിലയ്ക്ക് എതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാര്‍ തീരുമാനം. ഇന്ധനത്തിന്‍റെ വാറ്റ് കുറയ്ക്കാൻ സംസ്ഥാനങ്ങളും തയ്യാറാകണമെന്ന് കേന്ദ്ര സർക്കാര്‍ ആവശ്യപ്പെട്ടു. ഇന്ന് അർധരാത്രി മുതല്‍ ഇളവ് നിലവില്‍ വരും. തീരുമാനം കര്‍ഷകർക്ക് വലിയ ഗുണകരമാകുമെന്നും ആകെ സമ്പദ് രംഗത്തിന് തന്നെ ഉണര്‍വാകുമെന്നും കേന്ദ്രസർക്കാര്‍ വ്യക്തമാക്കി.
നിലവില്‍ പെട്രോളിന് ലിറ്ററിന് 32 രൂപയും ഡീസലിന് 31 രൂപയുമാണ് എക്സൈസ് തീരുവയായി കേന്ദ്രസർക്കാർ ഈടാക്കുന്നത്. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാൻ സംസ്ഥാന സർക്കാരുകളും ഇന്ധനങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന വാറ്റ് കുറക്കാന്‍ തയ്യാറാകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഇന്ധന വിലയ്ക്ക് എതിരെ രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധവും നിലവിലെ കര്‍ഷക പ്രക്ഷോഭവുമെല്ലാം കണക്കിലെടുത്താണ് വില കുറയ്ക്കാൻ സർക്കാര്‍ നിര്‍ബന്ധിതമായത്.
ലോക്സഭ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ പ്രകടനം മോശമായതും തീരുമാനത്തിന് വഴിവെച്ചു. ഉത്തര്‍പ്രദേശ് അടക്കമുള്ള നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ധനവില പ്രതിപക്ഷം വലിയ പ്രചാരണ വിഷയമായി ഉയര്‍ത്താനിരിക്കെ കൂടിയാണ് തീരുവ കുറക്കാനുള്ള തീരുമാനം കേന്ദ്രമെടുത്തത്. കഴിഞ്ഞ മാർച്ചിലെ ലോക്ഡൗണിന് ശേഷം പെട്രോളിന് 14 ഉം ഡീസലിന് 12 ഉം രൂപയുമാണ് കേന്ദ്രസർക്കാര്‍ എക്സൈസ് തീരുവ ഇനത്തില്‍ കൂട്ടിയത്. അത്രയും ഇളവ് വരുത്താൻ ഇനിയും സർക്കാർ തയ്യാറായിട്ടില്ല. മോദി സർക്കാരിന്‍റേത് തട്ടിപ്പ് മാത്രമാണെന്ന് യുപിഎ സർക്കാരിന്‍റെ കാലത്തെ എക്സൈസ് തീരുവയും ഇപ്പോഴത്തെ തീരുവയും പങ്കുവെച്ച് കോണ്‍ഗ്രസ് പറഞ്ഞു.