വധശ്രമക്കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന പ്രതിയെ പരപ്പനങ്ങാടി പോലീസ് പിടികൂടി

പരപ്പനങ്ങാടി : വധശ്രമക്കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്നിരുന്ന ഹീറോസ് നഗർ പരിയന്റെപുരയ്ക്കൽ വീട്ടിൽ അർഷാദിനെ പോലീസ് പിടികൂടി. ബേപ്പൂർ കോസ്റ്റൽ പോലീസിന്റെ സഹായത്തോടെയാണ് താനൂർ ഡിവൈ.എസ്.പി. മൂസ വള്ളിക്കാടന്റെയും പരപ്പനങ്ങാടി സി.ഐ. ഹണി കെ. ദാസിന്റെയും നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

2018 മാർച്ചിൽ കടലുണ്ടിനഗരം പാണ്ടിവീട്ടിൽ ഷംസുദ്ദീനെ കഴുത്തിൽ കത്തികൊണ്ട് കുത്തിയ കേസിലെ പ്രതിയാണ് അർഷാദ്. കോടതിയിൽ തുടർച്ചയായി ഹാജരാകാത്തതിനാൽ മഞ്ചേരി സെഷൻസ് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. താനൂർ സബ്ഡിവിഷനിലുള്ള താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, കൽപ്പകഞ്ചേരി, കാടാമ്പുഴ എന്നീ സ്റ്റേഷനുകളിൽ നിലവിൽ അഞ്ഞൂറിൽപ്പരം കേസുകളും എഴുനൂറോളം വാറന്റുകളും നിലവിലുണ്ട്.

വിവിധ കേസുകളിൽ ഹാജരാകാതെ മുങ്ങിനടക്കുന്ന പ്രതികളെ അറസ്റ്റുചെയ്ത് കോടതികളിൽ ഹാജരാക്കാൻ അഞ്ച് പോലീസുകാർ ഉൾപ്പെടുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പോലീസുകാരായ സബറുദ്ദീൻ, ആൽബിൻ, ജിനേഷ്, വിവിൻ, അഭിമന്യു എന്നിവരാണ് അംഗങ്ങൾ. വരുംദിവസങ്ങളിലും മുങ്ങിനടക്കുന്നവർക്കായി അന്വേഷണം ഊർജിതമാക്കും.