കരിപ്പൂരിൽ സ്വർണവുമായി എയർഇന്ത്യ ജീവനക്കാരി പിടിയിൽ
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കാബിൻ ക്രൂവിൽനിന്ന് വീണ്ടും സ്വർണം പിടികൂടി. തിങ്കളാഴ്ച ഷാർജയിൽനിന്ന് എത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ വനിത കാബിൻ ക്രൂവിൽനിന്നാണ് 2.4 കിലോഗ്രാം സ്വർണമിശ്രിതം കണ്ടെത്തിയത്.
കോഴിക്കോട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസും (ഡി.ആർ.ഐ) കരിപ്പൂരിലെ എയർ കസ്റ്റംസ് ഇൻറലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 99 ലക്ഷത്തിെൻറ സ്വർണം പിടികൂടിയത്. മുൻകൂട്ടി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അടിവസ്ത്രത്തിനുള്ളിലായിരുന്നു സ്വർണം ഒളിപ്പിച്ചത്. ഇതിൽനിന്ന് 2,054 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. കാബിൻ ക്രൂ അറസ്റ്റിലായതായും കൂടുതൽ അന്വേഷണം നടക്കുമെന്നും കസ്റ്റംസ് അറിയിച്ചു. കരിപ്പൂരിൽ സ്വർണക്കടത്തിന് കഴിഞ്ഞ ഒരു മാസത്തിനിടെ പിടിയിലാകുന്നത് രണ്ടാമത്തെ ക്രൂവാണ് ഇവർ.
ഒക്ടോബർ 19ന് ഡി.ആർ.ഐ എയർഇന്ത്യ എക്സ്പ്രസിലെ കാബിൻ ക്രൂ പെരിന്തൽമണ്ണ സ്വദേശിയെ സ്വർണക്കടത്തിനിടെ പിടികൂടിയിരുന്നു. ഇതിെൻറ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എക്സ്പ്രസിലെ മറ്റൊരു ക്രൂ കൂടി അറസ്റ്റിലാകുന്നത്. ഡെപ്യൂട്ടി കമീഷണർ എസ്.എസ്. ശ്രീജു, സൂപ്രണ്ടുമാരായ സി.പി. സബീഷ്, എം. ഉമാദേവി, ഇൻസ്പെക്ടർമാരായ എൻ. റഹീസ്, കെ.കെ. പ്രിയ, ചേതൻ ഗുപ്ത, അർജുൻ കൃഷ്ണ, ഹെഡ് ഹവിൽദാർമാരായ എസ്. ജമാലുദ്ദീൻ, എ. വിശ്വരാജ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.