മലാല യൂസഫ്സായ് വിവാഹിതയായി.
ലണ്ടൻ: മലാല യൂസഫ്‌സായി (24) വിവാഹിതയായി. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജറായ അസീർ മാലിക്കാണു വരൻ. വളരെ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ബർമിങ്ങാമിലെ വസതിയിൽ കുടുംബാംഗങ്ങൾ പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹമെന്ന് മലാല ട്വിറ്ററിൽ കുറിച്ചു. നിക്കാഹിന്റെ ചിത്രങ്ങളും പങ്കുവച്ചു.
‘ഇന്ന് എന്റെ ജീവിതത്തിലെ വളരെ വിലമതിക്കാനാകാത്തൊരു ദിവസമാണ്. അസറും ഞാനും ജീവിതപങ്കാളികളായി.’ ബിർമിംഹാമിലെ വീട്ടിൽ ചെറിയൊരു ആഘോഷവും നിക്കാഹിനോട് അനുബന്ധിച്ച് ഏർപ്പെടുത്തി. ഏവരുടെയും ആശംസകളും പ്രാർത്ഥനകളും വേണമെന്നും മലാല പറയുന്നു.
2012ൽ സ്‌കൂൾ കുട്ടിയായിരിക്കെ വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ വച്ച് താലിബാൻ തലയിലേക്ക് വെടിവച്ച് വധിക്കാൻ ശ്രമിച്ചതോടെയാണ് മലാല ലോകപ്രശസ്‌തയായത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വാദിച്ചതിനെ തുടർന്നായിരുന്നു ഇത്. വിദേശത്ത് ചികിത്സയ്‌ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്ന മലാല 16ാം വയസിൽ യു.എന്നിൽ പ്രസംഗിച്ചു. വിദ്യാഭ്യാസത്തിലെ ലിംഗസമത്വം എന്ന വിഷയത്തിലായിരുന്നു ഇത്. വധശ്രമത്തിനും ചികിത്സയ്‌ക്കും ശേഷം ഇപ്പോൾ ബ്രിട്ടണിൽ അച്ഛനമ്മമാരോടൊപ്പമായിരുന്നു 24കാരി മലാല താമസിച്ചിരുന്നത്.