മലപ്പുറത്ത് കുഴപ്പണ വിതരണത്തിന് പുതിയ സ്‌റൈൽ
മലപ്പുറം: ചോക്ലേറ്റ് വ്യാപാരത്തിന്റെ മറവിൽ കുഴൽപ്പണം കടത്ത് നടത്തിയ പ്രതികൾ പൊലീസിന്റെ വലയിലായി. തിരൂരങ്ങാടി സ്വദേശികളായ പൂങ്ങാടൻ അബ്ദുറഹിമാൻ മകൻ ഫഹദ് (44), പൂങ്ങാടൻ അബ്ദുറഹിമാൻ മകൻ മുഹമ്മദ് ഷെരീഫ് പന്താരങ്ങാടി (40) എന്നിവരാണ് പിടിയിലായത്.

തിരൂരങ്ങാടി, വേങ്ങര എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ആഡാംബര വാഹനങ്ങളിൽ ചോക്ലേറ്റ് വ്യാപാരം നടത്തുന്നതിന്റെ മറവിൽ വൻതോതിൽ കുഴൽപ്പണം കടത്തുന്നുണ്ടെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലാകുന്നത്.

ചെമ്മാട് വെച്ച് 31,28,000 രൂപയാണ് ഇവരിൽ നിന്നും പിടികൂടിയത്. പരപ്പനങ്ങാടി ഇൻസ്പെക്ടർ ഹണി കെ ദാസ്, തിരൂരങ്ങാടി എസ്‌ഐ. പ്രിയൻ, എസ്‌ഐ മോഹൻദാസ്, താനൂർഡി.വൈ.എസ്‌പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ രൂപീകരിച്ച 5 അംഗ സംഘാങ്ങളായ വിബിൻ, സബറുദ്ദീൻ, ആൽബിൻ, അഭിമന്യു, ജിനീഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്. ഇത്തരത്തിൽ തിരൂരങ്ങാടിയും വേങ്ങരയും കേന്ദ്രീകരിച്ച് കൂടുതൽ ആളുകൾ കുഴൽപ്പണക്കടത്ത് നടത്തുന്നുണ്ട് എന്ന് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ പൊലീസ് നിരീക്ഷിച്ച് വരികയാണ്.