കവർച്ചാശ്രമം ചെറുക്കുന്നതിനിടെ മോഷ്ടാവിന്റെ ആക്രമണത്തിൽ നടി ശാലുവിന് പരിക്കേറ്റു
ഹൈദരാബാദ്: തെലങ്കാനയിൽ കവർച്ചാശ്രമം ചെറുക്കുന്നതിനിടെ മോഷ്ടാവിന്റെ ആക്രമണത്തിൽ ടോളിവുഡ് നടി ശാലു ചൗരസ്യക്ക് പരിക്കേറ്റു. ബഞ്ചാര ഹിൽസിലെ കെബിആർ പാർക്കിന് സമീപം ഞായറാഴ്ച രാത്രിയാണ് നടി ആക്രമണം നേരിട്ടത്. പരിക്കേറ്റ നടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ബഞ്ചാര ഹിൽസ് പൊലീസ് കേസെടുത്തു.

ഞായറാഴ്ച രാത്രി എട്ട് മണിയോടെ പാർക്കിൽ നടക്കാനിറങ്ങിയപ്പോഴാണ് നടിക്ക് നേരെ ആക്രമണമുണ്ടായത്. അപരിചതനായ ഒരു വ്യക്തി ശാലുവിനോട് കൈവശമുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും നൽകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ നടി ചെറുത്തുനിന്നതോടെ മോഷ്ടാവ് പാറക്കല്ല് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇതിനിടെ മൊബൈൽ തട്ടിയെടുത്ത മോഷ്ടാവ് ഇതുമായി കടന്നുകളഞ്ഞു.

അക്രമണത്തിൽ ശാലുവിന്റെ തലയിലും മുഖത്തും പരിക്കേറ്റു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.