നിരന്തരമായ ജനകീയ പോരാട്ടം അനിവാര്യം – പി സുബ്രഹ്മണ്യന്‍
മലപ്പുറം : നിരന്തരമായ ജനകീയ പോരാട്ടം അനിവാര്യമാണെന്ന് എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് പി സുബ്രഹ്മണ്യന്‍. എ ഐ ടി യു സി യുടെ ആഭിമുഖ്യത്തില്‍ എയര്‍ ഇന്ത്യ വില്‍പ്പനക്കെതിരെ മലപ്പുറത്ത് നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുച്ഛമായ വിലക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വദേശി, വിദേശി കുത്തകകള്‍ക്ക് വിറ്റുകൊണ്ടിരിക്കയാണ്. തൊഴിലാളികളുടെ 44 അവകാശങ്ങള്‍ റദ്ദ് ചെയ്ത് നാല് തൊഴില്‍ കോഡുകളാക്കി ആ തൊഴിലാളി വിരുദ്ധ നിയമം അതിവേഗം രാജ്യത്ത് നടപ്പിലാക്കുകയാണ്. ഒരു വര്‍ഷമായി രാജ്യത്തെ കര്‍ഷകര്‍ നടത്തി വരുന്ന സമരം പരാജയപ്പെടുത്താന്‍ പറ്റാതെ വന്നപ്പോള്‍ മന്ത്രിപുത്രന്മാരെ വിട്ട് സമര പന്തലിലേക്ക് കാര്‍ കയറ്റി സമരക്കാരെ അപായപ്പെടുത്തി തോക്കെടുത്ത് വെടിയുതിര്‍ത്ത സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കയാണ്. മാത്രമല്ല ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനു വേണ്ടി നമ്മുടെ മതേതര ജനാധിപത്യ രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ച് ഹിന്ദുക്കളെ ഏകോപിപ്പിക്കാമെന്നാണ് നരേന്ദ്രമോദി വ്യാമോഹിക്കുന്നത്. തൊഴിലാളികളും കര്‍ഷകരും പൊതുസമൂഹത്തെ അണി നിരത്തി ഈ ശ്രമത്തെ പരാജയപ്പെടുത്താന്‍ സംയുക്ത തൊഴിലാളി പ്രസ്ഥാനങ്ങളെയും കര്‍ഷക പ്രസ്ഥാനങ്ങളെയും അണി നിരത്തി നടത്തുന്ന സമരങ്ങള്‍ക്ക് എ ഐ ടി യു സി മുന്നില്‍ നിന്ന് നേതൃത്വം നല്‍കുമെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു.
എ കെ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം എ റസാഖ്, കെ പി ബാലകൃഷ്ണന്‍, സജീഷ് (ജോയിന്റ് കൗണ്‍സില്‍ ), മാനേരി ഹസ്സന്‍, എം ഉമ്മര്‍, എ അഹമ്മദ് (എഐബിഇഎ), യു ശ്രീകുമാര്‍, ജി സുരേഷ് കുമാര്‍,യു നസീര്‍, മധു കോട്ടക്കല്‍ , കെ പി ഹരീഷ് കുമാര്‍, മുസ്തഫ ആനപ്പടി, കരീം വാരിയത്ത്, കെ കെ ബാബു, പുഴക്കല്‍ ഷെരീഫ് പ്രസംഗിച്ചു.സൗദ, ജോസ്, രാജഗോപാല്‍, കുരുണിയന്‍ നജീബ്, മൊയ്തീന്‍ കോയ, മുജീബ്, മധു മേലാറ്റൂര്‍, ജംഷീര്‍ ചെമ്മങ്കടവ് നേതൃത്വം നല്‍കി.