ശബരിമല ദർശനത്തിനായി യുവതി ചെങ്ങന്നൂരിലെത്തി; ഭക്തർ തടഞ്ഞു
ചെങ്ങന്നൂർ: ഈ സീസണിലും യുവതി പ്രവേശന ഭീഷണിയിലേക്ക് ശബരിമല. ശബരിമല ദർശനത്തിനായി യുവതി ചെങ്ങന്നൂരിലെത്തിയതോടെ ഹൈന്ദവ സംഘടനകൾ ജാഗ്രതയിലേക്ക് കടക്കുകയാണ്. ട്രെയിന്മാർഗമാണ് തമിഴ്‌നാടുസ്വദേശിനിയായ യുവതി ചെങ്ങന്നൂരിലെത്തിയതെന്നു സംശയിക്കുന്നു. തിങ്കളാഴ്ച രാത്രി ഒൻപതുമണിയോടെയാണു സംഭവം. പേമാരിയെ മറയാക്കി യുവതി പ്രവേശനം നടക്കുമെന്ന ആശങ്ക വിവിധ ഹിന്ദു സംഘടനകൾക്കുണ്ട്.
ചെങ്ങന്നൂരിലെത്തിയ യുവതിയെ അവിടെ വച്ചു തന്നെ ഭക്തർ തടഞ്ഞു. ശബരിമലയ്ക്കുപോകണമെന്ന ആവശ്യത്തോടെ റെയിൽവേ സ്റ്റേഷൻ പരിസരത്തെ പമ്പ ബസിനുള്ളിൽക്കയറി. പിന്നീട്, തീർത്ഥാടകരുടെ പ്രതിഷേധത്തത്തുടർന്ന് ഇവർ ബസിൽനിന്നിറങ്ങി. തുടർന്ന് ചെങ്ങന്നൂർ പൊലീസെത്തി സംസാരിച്ചപ്പോൾ നാട്ടിലേക്കുമടങ്ങാമെന്നു യുവതി അറിയിച്ചു. യുവതിയെ പൊലീസ് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെത്തിച്ചു. തിരുവനന്തപുരം ബസിൽ ഇവർ കയറിപ്പോയതായി ദൃക്സാക്ഷികൾ പറയുന്നു.
കൊല്ലം സ്വദേശിനിയാണെന്നു പറഞ്ഞ യുവതി തമിഴും ഇംഗ്ലീഷും ഇടകലർത്തിയാണു സംസാരിച്ചിരുന്നത്. മാനസിക പ്രശ്‌നമുണ്ടെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ശബരിമലയിൽ ഓൺലൈൻ വഴി ബുക്കിങ് എടുത്താണ് ഇത്തവണ ദർശനം. പൊലീസിന്റെ കർശന നിരീക്ഷണവുമുണ്ട്. യുവതി പ്രവേശനത്തിന് ഉള്ള സുപ്രീംകോടതി അനുമതിക്ക് ഇപ്പോഴും സാധുതയുണ്ട്. ഈ വിഷയം ഭരണഘടനയുടെ വിശാല ബഞ്ച് പുനപരിശോധിക്കുമ്പോഴും പഴയ വിധിക്ക് സ്റ്റേ ഇല്ല. അതുകൊണ്ട് തന്നെ ശബരിമല പ്രവേശനത്തിന് യുവതികളെത്തിയാൽ അവരെ തടയാൻ പൊലീസിന് കഴിയില്ല.
ഈ സാഹചര്യം മുതലെടുക്കാൻ ചിലർ ശ്രമിക്കുമെന്ന സംശയമാണ് ചെങ്ങന്നൂരിൽ ഉണ്ടാകുന്നത്. ഇന്നാണ് മണ്ഡലക്കാലം തുടങ്ങുന്നത്. നട തുറന്ന അന്നു തന്നെ യുവതി പ്രവേശന ലക്ഷ്യത്തോടെ എത്തുകയും ചെയ്തു. മണ്ഡല-മകരവിളക്ക് ഉൽസവത്തിനായി ശബരിമല നട ഇന്നലെ തുറന്നു. വ്യശ്ചികം ഒന്നായ ഇന്ന് പുലർച്ച മുതൽ ഭക്തരെ കടത്തിവിടാനും തുടങ്ങി.
മഴ വലിയ പ്രതിസന്ധിയാണ് ഇപ്പോൾ. ശബരിമലയിലേക്കുള്ള പ്രധാന റോഡുകളിൽ എല്ലാം വിവിധ ഭാഗങ്ങളിൽ വെള്ളകെട്ടുണ്ട്. വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി വി.കെ.ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിച്ചു. പതിവ് പൂജകൾക്ക് ശേഷം പുതിയ ശബരിമല മാളികപ്പുറം മേൽശാന്തിമാർ ചുമതല ഏറ്റു. കാലവസ്ഥ പ്രതികൂലമായതിനാൽ ആദ്യ മുന്ന് ദിവസം ചില നിയന്ത്രണങ്ങളുണ്ട്. ബുക്ക് ചെയ്ത ഭക്തർക്ക് ഈ ദിവസങ്ങളിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു ദിവസം സൗകര്യം ഒരുക്കും.
സ്പോട്ട് ബുക്കിങ് ഉണ്ടായിരിക്കില്ല. ശക്തമായ ഒഴുക്കായതിനാൽ പമ്പാ സ്‌നാനത്തിനും അനുമതിയില്ല. വെള്ളം കയറിയത് മൂലം പുനലൂർ – മൂവാറ്റുപുഴ, പന്തളം – പത്തനംതിട്ട റോഡുകളിൽ ഗതാഗതതടസപ്പെട്ടു. മൂന്നു തവണ ലേലം നടത്തിയെങ്കിലും സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവടങ്ങളിലെ ഭൂരിഭാഗം കടകളും ആരും ഏറ്റെടുത്തിട്ടില്ല. സന്നിധാനത്ത് നിലവിൽ ഒരു ഹോട്ടൽ മാത്രമാണുള്ളത്. വിവിധ ഹൈന്ദവ സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും പമ്പയിൽ നിന്നു പരമ്പരാഗത പാത വഴി ഭക്തരെ കടത്തിവിടാൻ പൊലീസ് തയാറായിട്ടില്ല.