കരിപ്പൂർ വിമാനത്താവളത്തെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റാക്കണം; മന്ത്രി വി അബ്ദുറഹിമാന്‍


തിരുവനന്തപുരം: കേരളത്തിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ധരിപ്പിക്കാന്‍ സംസ്ഥാനത്ത് ഹജ്ജ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍ കേന്ദ്രമന്ത്രിമാരെ സന്ദര്‍ശിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി എന്നിവരെയാണ് സന്ദര്‍ശിച്ചത്. കേരളത്തിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ നേരിടുന്ന യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ഇരുവരോടും ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ 80% ഹജ്ജ് തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്ന കോഴിക്കോട് വിമാനത്താവളത്തെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റായി നിശ്ചയിക്കണമെന്ന് ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്തര്‍ അബ്ബാസ് നഖ്‌വിയോട് ആവശ്യപ്പെട്ടു. ഹജ്ജ് ഹൗസും കോഴിക്കോട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം കോഴിക്കോട് പരിഗണിക്കുക പ്രയാസമാണെങ്കില്‍ കണ്ണൂര്‍ വിമാനത്താവളത്തെ ഈ വര്‍ഷം തല്‍ക്കാലം എമ്പാര്‍ക്കേഷന്‍ പോയിന്റായി പരിഗണിക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ടുവെച്ചു.

2020 ആഗസ്തില്‍ നടന്ന വിമാനാപകടത്തിനു ശേഷം കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കാന്‍ ജോത്യരാദിത്യ സിന്ധ്യയോട് ആവശ്യപ്പെട്ടു. കോഴിക്കോട് വിമാനത്താവള വികസനം നടപ്പാക്കാനുള്ള നിര്‍ദേശവും മുന്നോട്ടുവെച്ചു. അതിനായി 284 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള കത്ത് മന്ത്രിമാര്‍ക്ക് കൈമാറി. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രിമാര്‍ അറിയിച്ചു.