ശബരിമല ദർശനത്തിന് സ്‌പോട്ട് ബുക്കിങ് ഇന്ന് മുതൽ

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിന് ഇന്ന് മുതൽ സ്പോട്ട് ബുക്കിങ് ആരംഭിക്കും. പുതിയ സംവിധാനത്തിലൂടെ മുൻകൂർ അനുമതിയില്ലാതെ അയ്യപ്പൻമാർക്ക് ദർശനത്തിനെത്താനാകും. 10 കേന്ദ്രങ്ങളിലാണ് സ്പോട്ട് ബുക്കിങിന് സൗകര്യം ഒരുക്കിയിട്ടുള്ളത്.

ഇതുവരെ വെര്‍ച്വല്‍ ക്യു വഴി മുൻകൂർ അനുമതിയുളളവർക്ക് മാത്രമാണ് ദർശനത്തിന് അവസരം നൽകിയിരുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രതിദിനം 30000 പേർക്ക് അനുമതി നൽകുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും നടതുറന്ന് രണ്ട് ദിവസം കൊണ്ട് 20000ൽ താഴെ അയ്യപ്പൻമാരാണ് ദർശനത്തിനെത്തിയത്. സന്നിധാനത്തും പരിസരത്തും പെയ്യുന്ന കനത്ത മഴയും പ്രതികൂല ഘടകമായി.

സ്പോട്ട് ബുക്കിങ് ആരംഭിക്കുന്നതോടെ കൂടുതൽ പേർ ദർശനത്തിനായി എത്തുമെന്നാണ് ദേവസ്വം അധികൃതർ കണക്കുകൂട്ടുന്നത്. എരുമേലി, നിലയ്ക്കൽ, കുമളി എന്നീ പ്രധാന ഇടത്താവളങ്ങൾക്ക് പുറമെ തിരുവനന്തപുരം ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രം, കോട്ടയം ഏറ്റുമാന്നൂർ ശ്രീ മഹാദേവ ക്ഷേത്രം, വൈക്കം ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയ കോയിക്കൽ ക്ഷേത്രം, പെരുമ്പാവൂർ ശ്രീ ധർമശാസ്ത്രാ ക്ഷേത്രം, കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം എന്നീ ഏഴ് കേന്ദ്രങ്ങളിലും സ്പോട്ട് ബുക്കിങിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.