തിരൂര്‍ നഗരസഭയുടെയും വാഗണ്‍ ട്രാജഡിയുടെയും വാര്‍ഷികാഘോഷത്തിന് തുടക്കം


തിരൂര്‍: നഗരസഭയുടെ അന്‍പതാം വാര്‍ഷികാഘോഷങ്ങളുടെയും വാഗണ്‍ ട്രാജഡിയുടെ നൂറാം വാര്‍ഷികാചരണത്തിൻ്റെയും ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ നിർവഹിച്ചു. വാഗണ്‍ ട്രാജഡി ഹാളിൽ നടന്ന പരിപാടിയിൽ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായി പങ്കെടുത്തു. 
വാഗൺ ട്രാജഡി എന്ന പേര് വാഗൺ കൂട്ടക്കൊല എന്നാക്കി മാറ്റേണ്ടതിൻ്റെ ആവശ്യകത മന്ത്രി വി. അബ്ദുറഹ്മാന്‍ചൂണ്ടിക്കാട്ടി. ഇതിനുള്ള ശ്രമങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികൾക്കാണ് നഗരസഭയിൽ തുടക്കമായത്. വിവിധ കല – കായിക ഇനങ്ങളുടെ അകമ്പടിയോടെ പുലാമന്തോള്‍ പഞ്ചായത്തിലെ കുരുവമ്പലത്ത് നിന്നും രാവിലെ ആരംഭിച്ച ‘സ്മൃതിയാത്ര’ തിരൂർ വാഗണ്‍ ട്രാജഡി ഹാളിൽ വൈകീട്ടോടെ സമാപിച്ചു. തുടര്‍ന്ന് ‘1921 ‘ ഡിജിറ്റല്‍ ഡ്രാമ അരങ്ങേറി.


തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി നസീമ, വൈസ് ചെയർമാൻ പി.രാമൻകുട്ടി, വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, രാഷ്ട്രീയ – സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
ഇന്ന് (നവംബര്‍ 20ന് ) രാവിലെ 10ന് തിരൂര്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ചരിത്ര സെമിനാര്‍ എം.പി.അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും.

കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്ര വിഭാഗം തലവന്‍ ഡോ.പി.ശിവദാസന്‍, പി.സുരേന്ദ്രന്‍, അജിത് കൊളാടി, ഉസ്മാന്‍ താമരത്ത് എന്നിവര്‍ പ്രഭാഷണം നടത്തും. വൈകീട്ട് മൂന്നിന് നഗരസഭയിലെ മുന്‍കാല ജന പ്രതിനിധികളെയും വിദ്യാര്‍ഥി പ്രതിഭകളെയും ആദരിക്കുന്ന പരിപാടി എ.പി.അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഗസല്‍ സന്ധ്യ അരങ്ങേറും.