പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് സർക്കാരിനോട് ഹൈക്കോടതി
തിരുവനന്തപുരം: പിങ്ക് പൊലീസ് ഉദ്യോഗസ്ഥ മൂന്നാംക്ളാസുകാരിയെ മോഷണകുറ്റം ആരോപിച്ച് അധിക്ഷേപിച്ച സംഭവത്തിൽ സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി. വഴിയിൽ കണ്ട കുട്ടിയോട് എന്തിനാണ് മൊബൈൽ ചോദിച്ചത്? ആരോപണമുന്നയിച്ച ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസിൽ തുടരുന്നുണ്ടോ? ഉദ്യോഗസ്ഥയ്ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. സംഭവം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി ഉച്ചയ്ക്ക് ശേഷം കേസിൽ വീണ്ടും വാദം കേൾക്കുമെന്നും അറിയിച്ചു.
മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പൊലീസ് പരസ്യ വിചാരണയ്ക്കിരയാക്കിയ ജയചന്ദ്രന്റെ മകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ചെയ്യാത്ത തെറ്റിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥ തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചുവെന്നും അച്ഛന്‍റെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്നും ഹർജിയിൽ പരാതിപ്പെടുന്നു.
സംഭവസമയം തന്നെ കാണാതായ മൊബൈൽ ഫോൺ ഉദ്യോഗസ്ഥയുടെ ഹാന്‍റ്ബാഗിൽ തന്നെ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പൊലീസിന്റെ പീഡനം കാരണം തങ്ങൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായി. എന്നാൽ കുറ്റക്കാരിയായ ഉദ്യോഗസ്ഥയെ പൊലീസും സർക്കാരും സംരക്ഷിക്കുകയാണ്. ആറ്റിങ്ങൽ ഡിവൈഎസ്പിയ്ക്ക് അടക്കം പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ആരോപണവിധേയയായ രജിതയുടെ താൽപ്പര്യം പ്രകാരം സ്ഥലം മാറ്റം നൽകുകയാണ് ചെയ്തതെന്നും ഹർജിയിൽ പറയുന്നു. ചെയ്യാത്ത തെറ്റിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട തങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും പെൺകുട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.