29 മത്സ്യത്തൊഴിലാളികളുടെ വായ്പകള്‍ക്ക് 5.19 ലക്ഷം കടാശ്വാസം അനുവദിക്കാന്‍ ശുപാര്‍ശ

ജില്ലയില്‍ 29 മത്സ്യത്തൊഴിലാളികളുടെ വായ്പകള്‍ക്ക് 5,19,345 രൂപ കടാശ്വാസമായി അനുവദിക്കുന്നതിന് സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. മത്സ്യത്തൊഴിലാളി  കടശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി നടത്തിയ സിറ്റിങിലാണ് കടാശ്വാസം അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തത്. പുതിയങ്ങാടി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം,  വടകര-മുട്ടുങ്ങല്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക്, വള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക്,  കനറാ ബാങ്ക് കൊയിലാണ്ടി ശാഖ, കേരള ഗ്രാമീണ്‍ ബാങ്ക് അരിയല്ലൂര്‍ ശാഖ,  പുതിയ കടപ്പുറം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, അരിയല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്,  മത്സ്യഫെഡ് മലപ്പുറം ജില്ലാ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും വായ്പയെടുത്ത 29 മത്സ്യത്തൊഴിലാളികളുടെ വായ്പകള്‍ക്കാണ് 5,19,345 രൂപ കടാശ്വാസമായി അനുവദിക്കുന്നതിന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്.

കൊല്ലം-മൂടാടി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, അഴിയൂര്‍-ചോമ്പാല മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, കേരള ഗ്രാമീണ്‍ ബാങ്ക് നാദാപുരം റോഡ് ശാഖ എന്നിടവിടങ്ങളില്‍ നിന്നും എടുത്ത വായ്പകള്‍ക്ക്  കടാശ്വാസം പരിഗണിക്കുന്നതിന് വിശദാംശങ്ങള്‍ അടുത്ത അദാലത്തില്‍ ഹാജരാക്കാന്‍ ധനകാര്യ സ്ഥാപനങ്ങളോട് കമ്മീഷന്‍ നിര്‍ദേശിച്ചു.  ചാലിയം-ബേപ്പൂര്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ നിന്നും എടുത്ത 15,000 രൂപയുടെയും 40,000 രൂപയുടെയും ഓരോ വായ്പകള്‍ കാലഹരണപ്പെട്ട വായ്പകളാണെന്നതിനാല്‍ അവ തീര്‍പ്പാക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചു.

കടാശ്വാസ സിറ്റിങില്‍ കമ്മീഷന്‍ അംഗം കൂട്ടായി ബഷീര്‍, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, സഹകരണ വകുപ്പ് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുള്ള ജീവനക്കാരും പങ്കെടുത്തു.