ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 73 റണ്‍സിന്റെ തകര്‍പ്പന്‍ ജയം
കൊല്‍ക്കത്ത: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 73 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസ് 17.2 ഓവറില്‍ 111 റണ്‍സിന് ഓള്‍ ഔട്ടായി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി.
ഇന്ത്യയുടെ ട്വന്റി 20 ടീം നായകനായി സ്ഥാനമേറ്റ രോഹിത്തിനും പരിശീലകനായി തുടങ്ങിയ ദ്രാവിഡിനും ഏറെ അഭിമാനിക്കാവുന്ന നേട്ടമാണിത്. ട്വന്റി 20 ലോകകപ്പ് ഫൈനലിസ്റ്റുകളായ ന്യൂസീലന്‍ഡിനെ നിലം തൊടാന്‍ അനുവദിക്കാതെയാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്.
185 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ന്യൂസീലന്‍ഡിനുവേണ്ടി മാര്‍ട്ടിന്‍ ഗപ്റ്റിലും ഡാരില്‍ മിച്ചലുമാണ് ഓപ്പണ്‍ ചെയ്തത്. മിച്ചല്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ മറുവശത്ത് ഗപ്റ്റില്‍ അടിച്ചുതകര്‍ത്തു. ദീപക് ചാഹറെറിഞ്ഞ രണ്ടാം ഓവറില്‍ 16 റണ്‍സാണ് കിവസ് അടിച്ചെടുത്തത്. അവസാന പന്തില്‍ അപകടകാരിയായ ഗപ്റ്റിലിന്റെ ക്യാച്ച് ചാഹര്‍ നഷ്ടപ്പെടുത്തി.
എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഇന്ത്യ തിരിച്ചടിച്ചു. അക്ഷര്‍ പട്ടേല്‍ ചെയ്ത മൂന്നാം ഓവറില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച ഡാരില്‍ മിച്ചല്‍ ഹര്‍ഷല്‍ പട്ടേലിന് ക്യാച്ച് നല്‍കി മടങ്ങി. വെറും അഞ്ച് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ ക്രീസിലെത്തിയ മാര്‍ക്ക് ചാപ്മാനെ റണ്‍സെടുക്കും മുന്‍പ് അക്ഷര്‍ പുറത്താക്കി. അക്ഷറിന്റെ പന്തില്‍ കയറിയടിക്കാന്‍ ശ്രമിച്ച ചാപ്മാനെ ഋഷഭ് പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കി. ഇതോടെ ന്യൂസീലന്‍ഡ് സമ്മര്‍ദ്ദത്തിലായി.
ചാപ്മാന് പകരം ഗ്ലെന്‍ ഫിലിപ്‌സ് ക്രീസിലെത്തി. എന്നാല്‍ ഫിലിപ്‌സിനെ ക്ലീന്‍ ബൗള്‍ഡാക്കി അക്ഷര്‍ വീണ്ടും കിവീസിനെ തകര്‍ത്തു. സ്വീപ് ഷോട്ടിന് ശ്രമിച്ച ഫിലിപ്‌സിന്റെ കണക്കുകൂട്ടല്‍ തെറ്റി. പന്ത് വിക്കറ്റ് പിഴുതു. റണ്‍സെടുക്കാതെയാണ് താരം ക്രീസ് വിട്ടത്. ഇതോടെ കിവീസ് 30 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.
ഫിലിപ്‌സിന് പകരം സീഫേര്‍ട്ടാണ് ക്രീസിലെത്തിയത്. സീഫേര്‍ട്ടിനെ കാഴ്ചക്കാരനാക്കി ഗപ്റ്റില്‍ അടിച്ചുതകര്‍ത്തു. ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ട ഗപ്റ്റില്‍ വൈകാതെ അര്‍ധസെഞ്ചുറി നേടി. എന്നാല്‍ അര്‍ധസെഞ്ചുറി നേടിയതിനുപിന്നാലെ താരം ചാഹലിന് വിക്കറ്റ് സമ്മാനിച്ച് പുറത്തായി. 36 പന്തുകളില്‍ നിന്ന് നാലുവീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 51 റണ്‍സെടുത്ത ഗപ്റ്റിലിനെ സൂര്യകുമാര്‍ യാദവ് ക്യാച്ചെടുത്ത് പുറത്താക്കി. സിക്‌സ് നേടാനുള്ള ഗപ്റ്റിലിന്റെ ശ്രമം ഫലം കണ്ടില്ല. ഗപ്റ്റില്‍ പുറത്താകുമ്പോള്‍ കിവീസ് വെറും 69 റണ്‍സ് മാത്രമാണ് നേടിയത്. ഗപ്റ്റിലിന് പകരം ജെയിംസ് നീഷാം ക്രീസിലെത്തി.
പിന്നാലെ സീഫേര്‍ട്ട് റണ്‍ ഔട്ടാകുകയും ചെയ്തതോടെ കിവീസ് തകര്‍ന്നു. 17 റണ്‍സെടുത്ത സീഫേര്‍ട്ടിനെ ഇഷാന്‍ കിഷനാണ് റണ്‍ ഔട്ടാക്കിയത്. സീഫേര്‍ട്ടിന് പകരം നായകന്‍ മിച്ചല്‍ സാന്റ്‌നറാണ് ക്രീസിലെത്തിയത്. സീഫേര്‍ട്ടിന് പിന്നാലെ നീഷാമിനെയും ഇന്ത്യ മടക്കി. ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ സിക്‌സ് അടിക്കാനുള്ള നീഷാമിന്റെ ശ്രമം പന്തിന്റെ കൈയ്യിലൊതുങ്ങി. വെറും മൂന്ന് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ കിവീസ് 76 ന് ആറ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.
കിവീസ് നായകനും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. വെറും ഒരു റണ്‍ മാത്രമെടുത്ത സാന്റ്‌നറെ ഇഷാന്‍ കിഷന്‍ റണ്‍ ഔട്ടാക്കി. സാന്റ്‌നര്‍ക്ക് പകരം ക്രീസിലെത്തിയ ഇഷ് സോധി തുടര്‍ച്ചയായി രണ്ട് ഫോര്‍ നേടിക്കൊണ്ട് വരവറിയിച്ചു. എന്നാല്‍ മറുവശത്ത് ആദം മില്‍നേ നിരാശപ്പെടുത്തി. ഏഴ് റണ്‍സ് മാത്രമെടുത്ത മില്‍നെ വെങ്കടേഷ് അയ്യര്‍ക്ക് വിക്കറ്റ് സമ്മാനിച്ചു. വെങ്കടേഷിന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റാണിത്. പിന്നാലെ സോധിയെ ഹര്‍ഷല്‍ പട്ടേല്‍ പറഞ്ഞയച്ചു. ഒന്‍പത് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
അവസാന വിക്കറ്റില്‍ ട്രെന്റ് ബോള്‍ട്ടും ലോക്കി ഫെര്‍ഗൂസനും ഒന്നിച്ചു. ഹര്‍ഷല്‍ പട്ടേലിന്റെ ഓവറില്‍ രണ്ട് സിക്‌സ് നേടിക്കൊണ്ട് ഫെര്‍ഗൂസന്‍ ടീം സ്‌കോര്‍ 100 കടത്തി. 18-ാം ഓവറിലെ രണ്ടാം പന്തില്‍ ഫെര്‍ഗൂസനെ മടക്കി ദീപക് ചാഹര്‍ കിവീസ് ഇന്നിങ്‌സിന് തിരശ്ശീലയിട്ടു.
ഇന്ത്യയ്ക്ക് വേണ്ടി അക്ഷര്‍ പട്ടേല്‍ മൂന്നോവറില്‍ 9 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റെടുത്തു. ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വെങ്കടേഷ് അയ്യര്‍, യൂസ്വേന്ദ്ര ചാഹല്‍, ദീപക് ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ നായകന്‍ രോഹിത് ശര്‍മയുടെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ ഇന്ത്യന്‍ മധ്യനിരയ്ക്ക് സാധിച്ചില്ല. മധ്യനിര ബാറ്റ്‌സ്മാന്‍മാരെല്ലാം പരാജയപ്പെട്ടു. വാലറ്റത്തിന്റെ ചെറുത്തുനില്‍പ്പാണ് ടീം സ്‌കോര്‍ 180 കടത്തിയത്. ദീപക് ചാഹറും ഹര്‍ഷല്‍ പട്ടേലും അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്തു.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് നല്‍കിയത്. രാഹുലിനും അശ്വിനും വിശ്രമമനുവദിച്ച മത്സരത്തില്‍ കിഷനും യൂസ്‌വേന്ദ്ര ചാഹലും ടീമിലിടം നേടി. കിഷനും രോഹിത്തും ആദ്യ ഓവര്‍ തൊട്ട് ആക്രമിച്ചാണ് കളിച്ചത്. വെറും 5.1 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു.
ബാറ്റിങ് പവര്‍പ്ലേയില്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ ഏഴാം ഓവറിലെ രണ്ടാം പന്തില്‍ ഇഷാന്‍ കിഷന്റെ വിക്കറ്റ് വീഴ്ത്തി മിച്ചല്‍ സാന്റ്‌നര്‍ കിവീസിന് പ്രതീക്ഷ പകര്‍ന്നു.
സാന്റ്‌നറുടെ പന്തില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച കിഷന്റെ ബാറ്റിലുരസി പന്ത് വിക്കറ്റ് കീപ്പര്‍ ടിം സീഫേര്‍ട്ടിന്റെ കൈയ്യിലെത്തി. 21 പന്തുകളില്‍ നിന്ന് ആറ് ഫോറുകളുടെ സഹായത്തോടെ 29 റണ്‍സെടുത്താണ് കിഷന്‍ ക്രീസ് വിട്ടത്.
പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിന് പിടിച്ചുനില്‍ക്കാനായില്ല. നാല് പന്ത് നേരിട്ട താരം റണ്‍സൊന്നുമെടുക്കാതെ സാന്റ്‌നര്‍ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മാര്‍ട്ടിന്‍ ഗപ്റ്റിലാണ് സൂര്യകുമാറിനെ ക്യാച്ചെടുത്ത് പുറത്താക്കിയത്. സാന്റ്‌നറുടെ ഓവറില്‍ രണ്ട് നിര്‍ണായക വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
സൂര്യകുമാറിന് പകരം ഋഷഭ് പന്ത് ക്രീസിലെത്തി. എന്നാല്‍ സാന്റ്‌നറുടെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച ഋഷഭ് പന്ത് ജെയിംസ് നീഷാമിന് ക്യാച്ച് നല്‍കി മടങ്ങി. വെറും നാല് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ ഇന്ത്യ 83 ന് മൂന്ന് എന്ന സ്‌കോറിലേക്ക് വീണു. പന്തിന് പകരം ശ്രേയസ്സ് അയ്യര്‍ ക്രീസിലെത്തി.
ശ്രേയസ്സിനെ സാക്ഷിയാക്കി രോഹിത് അര്‍ധസെഞ്ചുറി നേടി. 27 പന്തുകളില്‍ നിന്നാണ് രോഹിത് അര്‍ധശതകത്തിലെത്തിയത്. താരത്തിന്റെ കരിയറിലെ 26-ാം ട്വന്റി 20 അര്‍ധസെഞ്ചുറിയാണിത്. 11 ഓവറില്‍ ഇന്ത്യ 100 റണ്‍സ് മറികടന്നു.
എന്നാല്‍ തൊട്ടടുത്ത ഓവറില്‍ രോഹിത് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഇഷ് സോധിയുടെ പന്തില്‍ ഫോറടിക്കാന്‍ ശ്രമിച്ച രോഹിത് ബൗളര്‍ക്ക് തന്നെ ക്യാച്ച് സമ്മാനിച്ച് മടങ്ങി. തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് സോധി രോഹിത്തിനെ പുറത്താക്കിയത്. 31 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 56 റണ്‍സെടുത്താണ് രോഹിത് ക്രീസ് വിട്ടത്.
രോഹിത് മടങ്ങിയതിനുപിന്നാലെ വെങ്കടേഷ് അയ്യര്‍ ക്രീസിലെത്തി. ശ്രേയസും വെങ്കടേഷും ചേര്‍ന്ന് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. എന്നാല്‍ ടീം സ്‌കോര്‍ 139-ല്‍ നില്‍ക്കേ അനാവശ്യ ഷോട്ടിന് ശ്രമിച്ച വെങ്കടേഷ് ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ മാര്‍ക്ക് ചാപ്പ്മാന് ക്യാച്ച് നല്‍കി മടങ്ങി. 15 പന്തുകളില്‍ നിന്ന് 20 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. തൊട്ടുത്ത ഓവറില്‍ ശ്രേയസ് അയ്യരെ ആദം മില്‍നെ മടക്കിയതോടെ ഇന്ത്യ തകര്‍ച്ചയിലേക്ക് വീണു.
മില്‍നെയുടെ പന്തില്‍ അനാവശ്യ ഷോട്ട് കളിച്ച ശ്രേയസ് ഡാരില്‍ മിച്ചലിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 20 പന്തുകളില്‍ നിന്ന് 25 റണ്‍സാണ് ശ്രേയസ്സിന്റെ സമ്പാദ്യം. ഇതോടെ ഇന്ത്യ 140 ന് ആറ് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.
ഏഴാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ഹര്‍ഷല്‍ പട്ടേലും അക്ഷര്‍ പട്ടേലും ചേര്‍ന്ന് ടീം സ്‌കോര്‍ 150 കടത്തി. 17.3 ഓവറിലാണ് ഇന്ത്യ 150 കടന്നത്. ഹര്‍ഷല്‍ പട്ടേല്‍ രണ്ട് സിക്‌സടിച്ച് ടീം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ 19-ാം ഓവറില്‍ ഹര്‍ഷല്‍ നിര്‍ഭാഗ്യവശാല്‍ ഹിറ്റ് വിക്കറ്റായി പുറത്തായി. 11 പന്തുകളില്‍ നിന്ന് 18 റണ്‍സാണ് ഹര്‍ഷല്‍ അടിച്ചെടുത്തത്.
ഹര്‍ഷലിന് പകരമെത്തിയ ദീപക് ചാഹറും അടിച്ചുതകര്‍ക്കാന്‍ തുടങ്ങി. ആദം മില്‍നെ എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തിലും ഫോറടിച്ച ചാഹര്‍ നാലാം പന്തില്‍ സിക്‌സ് നേടി. ചാഹര്‍ വെറും എട്ട് പന്തില്‍ നിന്ന് 21 റണ്‍സെടുത്തും അക്ഷര്‍ രണ്ട് റണ്‍സെടുത്തും പുറത്താവാതെ നിന്നു.
ന്യൂസീലന്‍ഡിനുവേണ്ടി നായകന്‍ സാന്റ്‌നര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആദം മില്‍നെ, ലോക്കി ഫെര്‍ഗൂസന്‍, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.