അന്താരാഷ്ട്ര വിമാന സർവിസുകൾ സാധാരണ നിലയിലേക്ക്
ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവിസുകൾ ഡിസംബർ അവസാനത്തോടെ സാധാരണ നിലയിലാകുമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി രാജീവ് ബൻസാൽ. അന്താരാഷ്ട്ര വിമാന സർവിസുകൾക്കുള്ള വിലക്ക് നിലവിൽ നവംബർ 30വരെയാണ് നീട്ടിയിട്ടുള്ളത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ചിലാണ് അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തിവെച്ചത്. പ്രവാസികളെ തിരികെയെത്തിക്കാനും മരുന്നും മറ്റ് ചരക്കുകളും എത്തിക്കാനും മാത്രമാണ് ഡി.ജി.സി.എയുടെ അനുമതിയോടെ അന്താരാഷ്ട്ര സർവിസുകൾ നടന്നത്. പിന്നീട്, ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ ലഘൂകരിച്ചെങ്കിലും പഴയ നില കൈവരിച്ചിരുന്നില്ല.

രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ വിവിധ രാജ്യങ്ങളുമായി എയർ ബബ്ൾ കരാറുണ്ടാക്കി അന്താരാഷ്ട്ര സർവിസുകൾ നടത്തിയിരുന്നു. ഇന്ത്യക്ക് 25 രാജ്യങ്ങളുമായി എയർ ബബ്ൾ കരാറുണ്ട്.
ടാറ്റ ഗ്രൂപ്പിന് എയർ ഇന്ത്യയുടെ കൈമാറ്റവും ഈ വർഷം അവസാനത്തോടെയുണ്ടാകുമെന്ന് രാജീവ് ബൻസാൽ അറിയിച്ചു. 18,000 കോടി രൂപക്കാണ് എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറുന്നത്.