കുട്ടികൾക്ക്‌ കോവിഡ്‌ പ്രതിരോധ മരുന്ന്; ജില്ലാ പഞ്ചായത്തിന്റെ ബാല്യം പദ്ധതിക്ക്‌ നിറമരുതൂരിൽ തുടക്കം


തിരൂർ: കോവിഡ്‌ മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികളിൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി മലപ്പുറം ജില്ലാ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന ബാല്യം പദ്ധതിക്ക്‌ നിറമരുതൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. 2 മുതൽ 5 വയസ്സ്‌ വരെ പ്രായമുള്ള കുട്ടികൾക്ക്‌ ആയുർവേദ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുന്നതാണ് ബാല്യം പദ്ധതി. മൂന്ന് ആഴ്ചകളിലായി പ്രത്യേക ഇടവേളകളിലാണ് കുട്ടികൾക്ക്‌ മരുന്നുകൾ നൽകുക.

ജില്ലാ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന ബാല്യം പദ്ധതി നിറമരുതൂർ പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ വി.കെ.എം. ഷാഫി ഉദ്ഘാടനം ചെയ്യുന്നു.

ആയുർവേദ ഡോക്‌ടർ, ഐ.സി.ഡി.എസ്‌ സൂപ്പർവൈസർ, അംഗനവാടി വർക്കർമാർ, ആശവളണ്ടിയർമാർ മുഖേന കണ്ടെത്തുകയും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുകയും ചെയ്‌ത നിറമരുതൂർ ഗ്രാമ പഞ്ചായത്തിലെ 208 കുട്ടികൾക്കാണ് പദ്ധതിയുടെ ഭാഗമായി ആയുർവേദ മരുന്നുകൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്യുന്നത്‌. നിറമരുതൂർ ഗ്രാമപഞ്ചായത്ത്‌ കോൺഫറൻസ്‌ ഹാളിൽ നടന്ന ചടങ്ങിൽ ബാല്യം പദ്ധതിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ വി.കെ.എം. ഷാഫി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഇസ്‌മായിൽ പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. അനിത ഫിലിപ്പ്‌ പദ്ധതിയുടെ വിശദീകരണവും രക്ഷിതാക്കൾക്കുള്ള നിർദേശങ്ങൾ സംബന്ധിച്ച്‌ ക്ലാസ്സും നടത്തി. ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ സജിമോൾ കാവീട്ടിൽ, ഐ.സി.ഡി.എസ്‌ സൂപ്പർവൈസർ വിബിത, ഗ്രാമപഞ്ചായത്തംഗങ്ങളായ സി.പി. സഹദുള്ള, വി.വി. സുഹറ, സി.പി. മനീഷ്‌, ശാന്തമ്മ ടീച്ചർ, ആബിദ പുളിക്കൽ, ചാരാത്ത്‌ കുഞ്ഞിപ്പ നാസർ, ഖദീജ തേക്കിൽ, പി.വി. പ്രേമലത എന്നിവർ പ്രസംഗിച്ചു.