ഭാര്യാ സഹോദരിയായ 17 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ഇരട്ട ജീവപര്യന്തം; ശിക്ഷ വിധിച്ചത് മഞ്ചേരി പോക്സോ അതിവേഗ കോടതി
മലപ്പുറം: ഭാര്യാ സഹോദരിയായ 17കാരിയെ പീഡിപ്പിച്ച യുവാവിന് ഇരട്ട ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും. എംഎസ്സി ക്രൂയിസ് കപ്പലിൽ ജോലി ചെയ്തുവരികയായിരുന്നു ദമ്പതികൾ. ഭാര്യക്ക് അവധി ലഭിക്കാത്തതിനാൽ തനിച്ചാണ് യുവാവ് ഭാര്യാ വീട്ടിലെത്തിയത്. ഇവിടെ വെച്ച് പെൺകുട്ടിയെ ബലാൽസംഗം ചെയ്ത പ്രതി ലീവ് തീർന്ന് പോകുന്നതുവരെ പലതവണ പീഡനം ആവർത്തിച്ചു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഇത് ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. യുവാവിന് മഞ്ചേരി പോക്സോ അതിവേഗ കോടതിയാണ് ഇരട്ടജീവപര്യന്തം തടവിനും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. കോഴിക്കോട് കാക്കൂർ സ്വദേശിയായ 34 കാരനെയാണ് ജഡ്ജി പി ടി പ്രകാശൻ ശിക്ഷിച്ചത്.

2014 ഏപ്രിൽ 25നായിരുന്നു പ്രതിയുടെ വിവാഹം. ദമ്പതികൾ എംഎസ്സി ക്രൂയിസ് കപ്പലിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യക്ക് അവധി ലഭിക്കാത്തതിനാൽ 2018 ജൂലൈ 29ന് തനിച്ചാണ് യുവാവ് ഭാര്യാ വീട്ടിലെത്തിയത്. പിറ്റേന്ന് ഭാര്യാമാതാവ് പരീക്ഷയെഴുതാനായി പോയി. ഭാര്യാപിതാവും ഇവർക്കൊപ്പം പോയതോടെ വീട്ടിൽ പെൺകുട്ടിയും പ്രതിയും തനിച്ചായി. ഇവിടെ വെച്ച് പെൺകുട്ടിയെ ബലാൽസംഗം ചെയ്ത പ്രതി 2018 ഒക്ടോബറിൽ ലീവ് തീർന്ന് പോകുന്നതുവരെ പലതവണ പീഡനം ആവർത്തിക്കുകയായിരുന്നു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഇത് ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. 2019 ജൂലൈ അഞ്ചിന് പെൺകുട്ടി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് 11ന് യുവാവ് അറസ്റ്റിലായി. കരുവാരക്കുണ്ട് എസ് ഐമാരായ എം രതീഷ്, പി വിഷ്ണു എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
എംബിഎ ബിരുദധാരിയാണ് പ്രതി. വിദ്യാസമ്പന്നനും യുവാവുമായ പ്രതി പെൺകുട്ടിയെ സംരക്ഷിക്കാൻ തീർത്തും ബാധ്യസ്ഥനാണ് എന്നതിനാൽ ഒരു തരത്തിലുള്ള ദയക്കും ഇയാൾ അർഹനല്ലെന്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഡബ്ല്യുസിപിഒ എൻ സൽമയായിരുന്നു പ്രോസിക്യൂഷൻ അസിസ്റ്റ് ലെയ്സൻ ഓഫീസർ.

ഇന്ത്യൻ ശിക്ഷാനിയമം 376(2) എഫ് പ്രകാരം ജീവപര്യന്തം തടവ്, അരലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ടു വർഷത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. 326(2) എൻ വകുപ്പു പ്രകാരവും ഇതേ ശിക്ഷ തന്നെ അനുഭവിക്കണം. മാത്രമല്ല ജീവപര്യന്തം എന്നത് ജീവിതാന്ത്യം വരെയെന്ന് കോടതി പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന് 506 വകുപ്പ് പ്രകാരം രണ്ടു വർഷം കഠിന തടവ്, മാനഭംഗത്തിന് 354 എ വകുപ്പ് പ്രകാരം ഒരു വർഷം കഠിന തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്.
പ്രതി പെൺകുട്ടിക്ക് സംരക്ഷണം നൽകേണ്ട ബന്ധുവായതിനാൽ പോക്സോ 9 എൽ വകുപ്പ് പ്രകാരവും പലതവണ പീഡിപ്പിച്ചതിനാൽ പോക്സോ 9 എൻ വകുപ്പ് പ്രകാരവും ഏഴുവർഷം വീതം കഠിന തടവ് 50000 രൂപ വീതം പിഴ എന്നിങ്ങനെയും ശിക്ഷിച്ചു, പിഴയടക്കാത്തപക്ഷം ഇരു വകുപ്പുകളിലും ഒരു വർഷത്തെ അധിക തടവ് അനുഭവിക്കണം.പ്രതിക്കെതിരെ സ്ത്രീധന പീഡനത്തിനും വധശ്രമത്തിനും ഭാര്യ നൽകിയ കേസ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ നിലവിലുണ്ട്