ബംഗളുരുവിൽ എത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരൻമാർക്ക് ഒമിക്രോൺ കൊവിഡ്.

ബെംഗളൂരു: പുതിയ കൊവിഡ് വകഭേദമായ ഒമിക്രോൺ പടരുന്നതിന്റെ ആശങ്കകൾക്കിടയിൽ ബംഗളുരുവിൽ എത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും ക്വാറന്റൈനിലാക്കിയിരിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരുടെ സാമ്പിളുകൾ കൂടുതൽ പരിശോധനകൾക്കായി അയച്ചതായും അധികൃതർ വ്യക്തമാക്കി.

നവംബർ ഒന്നു മുതൽ 26 വരെ ദക്ഷിണാഫ്രിക്കയിൽ നിന്ന് വന്ന 94 പേരിൽ രണ്ടു പേർക്കാണ് സാധാരണ നിലയിലുള്ള കൊവിഡ് സ്ഥിരീകരിച്ചത്. അതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ബെംഗളൂരു റൂറൽ ഡെപ്യൂട്ടി കമ്മിഷണർ കെ. ശ്രീനിവാസ് അറിയിച്ചു. രോഗബാധിതരായ രണ്ടുപേരെയും ക്വാറന്റൈൻ ചെയ്‌തിട്ടുണ്ടെന്നും അധികൃതർ നിരീക്ഷിച്ചുവരികയാണെന്നും കൊവിഡ് വകഭേദം കണ്ടെത്തുന്നതിനായി അവരുടെ സാമ്പിളുകൾ കൂടുതൽ പരിശോധനകൾക്കായി അയച്ചിട്ടുണ്ടെന്നും കെ. ശ്രീനിവാസ് ബെംഗളൂരുവിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. നവംബർ ഒന്ന് മുതൽ 26 വരെ ഒമിക്രോൺ ഭീതിയുള്ള പത്ത് രാജ്യങ്ങളിൽ നിന്നായി 584 പേർ ബെംഗളൂരുവിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.