കുറ്റിപ്പുറത്ത് അലർജിക്ക് ഇഞ്ചക്ഷൻ നൽകിയ യുവതി മരിച്ചു
കുറ്റിപ്പുറം: താലൂക്ക് ആശുപത്രിയിൽ നിന്ന് അലർജിക്ക് ഇഞ്ചക്ഷൻ നൽകിയ യുവതി മരിച്ചു.കുറ്റിപ്പുറം കാങ്കപ്പുഴ കടവ് സ്വദേശി തോണിക്കടവത്ത് സബാഹിൻ്റെ ഭാര്യ പി.വി അസ്ന(29) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി ഇന്ന് രാവിലെ 9.40 ഓടെയാണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തുന്ന മൃതദേഹം കുറ്റിപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.വ്യാഴാഴ്ച രാവിലെ കെെയ്യിലും കഴുത്തിലും ചൊറിച്ചിൽ അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ വെെകുന്നേരത്തോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവിടെ വെച്ച് യുവതിക്ക് രണ്ട് തരത്തിലുളള ഇഞ്ചക്ഷൻ നൽകി. ഇഞ്ചക്ഷൻ സ്വീകരിച്ച് പത്ത് മിനുട്ടിനകം യുവതി ബോധരഹിതയായി.ഗുരുതര ആരോഗ്യപ്രശ്നങ്ങൾ പ്രകടിപ്പിച്ച യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇവിടെ നിന്ന് യുവതിയെ ഇന്നലെ രാത്രിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചുവെങ്കിലും നിലമോശമായി തുടർന്നതിനാൽ മാറ്റാൻ കഴിഞ്ഞിരുന്നില്ല. അതേസമയം നേരത്തെ കൊവിഡ് ബാധിച്ച യുവതി ഇക്കഴിഞ്ഞ 24ന് കൊവിഡ് വാക്സിനേഷൻ്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.