റാഗിംഗ്; മലയാളി വിദ്യാർത്ഥികൾ പിടിയിൽ
മംഗളൂരു: ജൂനിയർ വിദ്യാർത്ഥികളെ ഫ്‌ളാറ്റിൽ റാഗിംഗിന് വിധേയമാക്കിയ സീനിയർ വിദ്യാർത്ഥികൾ പിടിയിൽ. പിടികൂടിയ പ്രതികൾ എല്ലാം മലയാളികളാണ്. ഇതിൽ ഏഴു പേര് കഞ്ചാവ് ഉപയോഗിച്ചതായി തെളിഞ്ഞു.
പഠിക്കാൻ ആണെങ്കിൽ മാത്രം കർണാടകയിൽ എത്തിയാൽ മതിയെന്നും റാഗിങ് പോലുള്ളവ നടത്തിയാൽ കയ്യും കെട്ടി നോക്കി ഇരിക്കില്ലെന്നും അധ്യയന വർഷം ആരംഭിച്ചപ്പോൾ തന്നെ മംഗളുരു സിറ്റി പൊലീസ് കമ്മീഷണർ മുന്നറയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ച് മംഗളൂരു അത്താവറിലെ ഫ്‌ളാറ്റിൽ ജൂനിയർ വിദ്യാർത്ഥികളെ റാഗിംഗിന് വിധേയമാക്കുകയും പണം കവരുകയും ചെയ്ത മലയാളി വിദ്യാർത്ഥികളാണ് പിടിയിലായത്.
അക്രമത്തിന് ഇരയായ രണ്ടു വിദ്യാർത്ഥികൾ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. തുടർന്ന് നടത്തിയ തിരച്ചിലിൽ നഗരത്തിൽ വിവിധ സ്വകാര്യ കോളജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളായ ഒമ്പതുപേരെ മംഗളൂരു സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു . പ്രതികൾ എല്ലാവരും കേരളത്തിൽ നിന്നുള്ളവരാണെന്നും ഇതിൽ ഏഴു പേർ കഞ്ചാവ് ഉപയോഗിച്ചിരുന്നതായും പൊലീസ് അറിയിച്ചു.
ജാസിൽ മുഹമ്മദ് (20), അഭി അലക്‌സ് (21), കാസർകോട്ടെ സികെപി ശിഹാസ് (20), തൃശൂരിലെ കെ പി പ്രവേശ് (21), എച് ഗോപികൃഷ്ണ (21), പി എസ് ഹസൈൻ (21), പി ആർ വിഷ്ണു (22), ഇടുക്കിയിലെ നന്ദു ശ്രീകുമാർ (19), അലൻ ഷൈജു (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ ജാസിൽ മുഹമ്മദ്, അഭി അലക്‌സ് എന്നിവർ ഒഴികെ ബാക്കി ഏഴ് പേർ കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിനെ തുടർന്ന് എല്ലാവരേയും വൈദ്യപരിശോധനക്ക് വിധേയരാക്കിയിരുന്നു. ഏഴു പേർക്ക് എതിരെ കർണാടക വിദ്യാഭ്യാസ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം, മയക്കുമരുന്ന് നിയമം (എൻ ഡി പി എസ്) എന്നിവ പ്രകാരം കേസെടുത്തു. ജാസിനേയും അഭിയേയും എൻ ഡി പി എസ് ചുമത്തുന്നതിൽ നിന്ന് ഒഴിവാക്കി. അവരുടെ അകൗണ്ടുകളിൽ നിന്ന് പ്രതികൾ പണം ട്രാൻസ്ഫർ ചെയ്തതായും പരാതിയിൽ പറയുന്നുണ്ട്.
മലയാളി വിദ്യർത്ഥികൾ ഉൾപ്പെടുന്ന നിരവധി റാഗിങ്ങ് കേസുകളാണ് കർണാടകയിൽ നിലവിലുള്ളത്. ഇത്തരം വിദ്യാർത്ഥികളോട് ഒരു ദയയും കാണിക്കില്ലെന്ന് കമ്മീഷ്ണർ നേരത്തെ നയം വ്യക്തമാക്കിയതാണ്. എട്ടു വർഷം തടവ് ശിക്ഷ വരെ ലഭിക്കുന്ന കുറ്റകൃത്യങ്ങളാണ് ഇപ്പോൾ വിദ്യർത്ഥികൾക്കെതിരെ ചുമത്തിയിരിക്കുന്നത് .